ന്യൂഡൽഹി: പൊതുതാത്പര്യമുള്ള കേസിലോ വിഷയത്തിലോ നിയമപ്രശ്‌നമുയർന്നാൽ സുപ്രീംകോടതിയോട് അഭിപ്രായം തേടാൻ രാഷ്ട്രപതിക്കുള്ള സവിശേഷാധികാരമാണ് അനുച്ഛേദം 143(1). സംശയങ്ങൾ ചോദ്യരൂപേണ കോടതിക്ക് റഫർ ചെയ്യും. സുപ്രീംകോടതി ആവശ്യമെങ്കിൽ വിശാലബെഞ്ച് രൂപീകരിച്ച് വാദം കേട്ട് മറുപടി നൽകും.
സ്വാതന്ത്ര്യത്തിനുശേഷം 14ൽപ്പരം തവണ രാഷ്ട്രപതിമാർ സുപ്രീംകോടതിയുടെ അഭിപ്രായം തേടി. രാഷ്ട്രീയ അനിശ്ചിതത്വമുണ്ടാകുന്ന വേളയിലും റഫറൻസുകൾ നടത്തി. 1951ലെ ഡൽഹി ലാസ് ആക്‌ട് സംബന്ധിച്ച റഫറൻസിൽ പാർലമെന്റിന്റെ അധികാര വികേന്ദ്രീകരണമായിരുന്നു വിഷയം. സുപ്രധാന നിയമനിർമ്മാണ പ്രവർത്തനങ്ങൾ പാർലമെന്റിന് ഉപേക്ഷിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിലപാട് അറിയിച്ചു. അതേസമയം, 1993ൽ അയോദ്ധ്യ തർക്കത്തിൽ അഭിപ്രായം ചോദിച്ചെങ്കിലും ഉത്തരം നൽകാൻ തയ്യാറായില്ല. അന്ന് കേസ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാണിത്.
മറുപടി നിർണായകം
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രക്രിയയിൽ സുപ്രീംകോടതി സ്വീകരിക്കാൻ പോകുന്ന നിലപാട് നിർണായകമാകും.
1. രാഷ്ട്രപതിയുടെയും ഗവർണറുടെയും അധികാരങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും
2. ബില്ലുകളിലെ സമയപരിധിയിൽ നിയമനിർമ്മാണത്തിന് പാർലമെന്റിനെ പ്രേരിപ്പിച്ചേക്കും
3. വിഷയത്തിൽ സുപ്രീംകോടതിക്ക് എത്രത്തോളം ഇടപെടാമെന്നതിലും വ്യക്തത വന്നേക്കും
മുൻപുള്ള പ്രധാന റഫറൻസുകൾ
1958: കേരള വിദ്യാഭ്യാസ ബിൽ: ന്യൂനപക്ഷ അവകാശങ്ങളെ ശക്തിപ്പെടുത്തി
1992: കാവേരി നദീജല തർക്കം: ഒരു സംസ്ഥാനത്തിന് ഏകപക്ഷീയമായി ട്രൈബ്യൂണൽ ഉത്തരവ് നിരസിക്കാൻ കഴിയില്ലെന്ന് മറുപടി
199: ജുഡിഷ്യറിയിലെ നിയമനം: സുപ്രീംകോടതി ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്‌ജിമാരും അടങ്ങുന്ന കൊളീജിയത്തിനാണ് നിയമനശുപാർശയ്‌ക്ക് അധികാരമെന്ന് വ്യക്തതവരുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |