ന്യൂഡൽഹി: ബീഹാറിലെ ദർഭംഗയിലെ അംബേദ്കർ ഹോസ്റ്റലിൽ ദളിത് വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. വാഹനവ്യൂഹം തടഞ്ഞതിനെ തുടർന്ന് രാഹുൽ നടന്ന് സ്ഥലത്തെത്തി വിദ്യാർത്ഥികളെ കണ്ടു.
ബീഹാർ പൊലീസ് നടപടി എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്ന് രാഹുൽ പറഞ്ഞു. അവർ തന്നെ തടയാൻ ശ്രമിച്ചു. എന്നാൽ രാജ്യത്തെ ദളിത് സമൂഹത്തിന്റെ ശക്തിയാൽ അതു മറികടക്കാൻ തനിക്കു സാധിച്ചെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അംബേദ്കർ ഹോസ്റ്റലിലെ ദളിത്, പിന്നോക്ക വിദ്യാർത്ഥികളുമായി ഇടപഴകുന്നത് എന്നു മുതലാണ് കുറ്റകൃത്യമായി മാറിയതെന്നും രാഹുൽ ചോദിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ എന്തിനെയാണ് ഭയപ്പെടുന്നത്? ബീഹാറിലെ വിദ്യാഭ്യാസത്തിന്റെയും സാമൂഹിക നീതിയുടെയും അവസ്ഥ മറച്ചുവെക്കാൻ ആഗ്രഹിക്കുന്നുണ്ടോ?ഇന്ത്യ ജനാധിപത്യ രാജ്യമാണ്, ഭരണഘടനയാണ് ഇവിടെ ഭരിക്കുന്നത്, സ്വേച്ഛാധിപത്യമല്ല! സാമൂഹിക നീതിക്കും വിദ്യാഭ്യാസത്തിനും വേണ്ടി ശബ്ദമുയർത്തുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ദർഭംഗയിൽ ഇന്നലെ 'ശിക്ഷ ന്യായ് സംവാദ്' പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോളാണ് രാഹുൽ ദളിത് വിദ്യാർത്ഥികളുമായി സംവദിക്കാൻ ശ്രമിച്ചത്. ദർഭംഗ ഡെപ്യൂട്ടി മേയർ നാസിയ ഹസൻ അനുമതി നൽകിയതു പ്രകാരമാണ് പരിപാടി തീരുമാനിച്ചതെന്ന് ബിഹാർ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. തടസമുണ്ടായിരുന്നെങ്കിൽ അനുമതി തരാൻ പാടില്ലായിരുന്നു. അവസാന നിമിഷം അനുമതി റദ്ദാക്കിയത് ഗൂഢാലോചനയാണെന്നും കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധി യുവാക്കളെ പ്രചോദിപ്പിച്ചാൽ ഇക്കൊല്ലം നടക്കുന്ന തിരഞ്ഞെടുപ്പിൽ ദർഭംഗ സീറ്റ് നഷ്ടപ്പെടുമെന്ന് സർക്കാർ ഭയപ്പെടുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് മൈക്കോ വേദിയോ ആവശ്യമില്ല. ഒരു തെരുവും ഒരു കവലയും അദ്ദേഹത്തിന് ധാരാളമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നേരത്തെ ബീഹാർ കോൺഗ്രസ് പൊലീസ് നടപടിയിൽ പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |