ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ നടത്തിയ സന്ദർശനം 'കോപ്പിയടിച്ച്" പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സിയാൽകോട്ടിലെ പസ്‌രൂർ മിലിട്ടറി കന്റോൺമെന്റിലെത്തിയ ഷെഹ്ബാസ്, മോദിയെ അനുകരിച്ച് ഫോട്ടോകൾക്ക് പോസ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ പരിഹാസവുമായി പാക് പൗരന്മാർ തന്നെയെത്തി. വിജയിച്ചെന്ന മട്ടിൽ പ്രസംഗം കൂടി നടത്തിയതോടെ ഷെഹ്ബാസ് ട്രോളുകളിൽ നിറഞ്ഞു.
ശൂന്യമായ പശ്ചാത്തലത്തിൽ പഴക്കമുള്ള ഒരു ടാങ്കിന്റെ മുകളിൽ കയറി നിന്ന് സംസാരിക്കുന്ന ഷെഹ്ബാസിന്റെ വീഡിയോയ്ക്ക് താഴെ പരിഹാസ കമൻഡുകൾ നിറഞ്ഞു. ഷെഹ്ബാസ് സൈനികരെ തന്നെയാണോ അഭിസംബോധന ചെയ്യുന്നതെന്നും ശരിക്കും മിലിട്ടറി ബേസ് തന്നെയാണോ സന്ദർശിച്ചതെന്നും പലരും സംശയവും ഉന്നയിച്ചു.
ഷെഹ്ബാസ് ഏതോ തരിശ് പാടത്തോ ഫാമിലോ പോയി ഷൂട്ട് നടത്തിയതാണെന്നും ആരോപണമുണ്ട്. മോദി സൈനികരെ അഭിസംബോധന ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനവും മിഗ് 29 വിമാനങ്ങളും കാണാമായിരുന്നു.
ഷെഹ്ബാസ് ഇത് അനുകരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും പാകിസ്ഥാന്റെ പി.ആർ സ്റ്റണ്ട് പൊളിഞ്ഞെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. ഷെഹ്ബാസിന്റെ വീഡിയോയിൽ റൺവേയോ എയർസ്ട്രിപ്പോ കാണാൻ കഴിയാത്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |