ന്യൂഡൽഹി: തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല. ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തിനിടെ തുർക്കി സ്വീകരിച്ച പാക് അനുകൂല നിലപാടിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് തീരുമാനം. നേരത്തെ, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, കാൺപൂർ യൂണിവേഴ്സിറ്റി എന്നിവയും തുർക്കിയുമായുള്ള അക്കാദമിക് ബന്ധങ്ങൾ അവസാനിപ്പിച്ചിരുന്നു.
ജാമിയ മില്ലിയ ഇസ്ലാമിയയും തുർക്കി സർക്കാരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനവും തമ്മിലുള്ള ഏതൊരു ധാരണാപത്രവും (എംഒയു) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ റദ്ദാക്കുന്നുവെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 'രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു' എന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) തുർക്കി സ്ഥാപനങ്ങളുമായുള്ള കരാർ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജാമിയ മില്ലിയയും സമാനമായ തീരുമാനം എടുത്തിരിക്കുന്നത്. സമാനമായ രീതിയിൽ കാൺപൂർ സർവകലാശാലയും ഇസ്താംബുൾ സർവകലാശാലയുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിലപാടെടുക്കുന്നവരുമായുള്ള ആഗോള പങ്കാളിത്തങ്ങളെ ഇന്ത്യൻ സർവകലാശാലകൾ സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |