രണ്ടു സിനിമയിൽ നായികയായി പ്രേക്ഷകരെ കാണാൻ പ്രിയംവദ കൃഷ്ണൻ. വിനയ് ഫോർട്ട്, ഷറഫുദീൻ എന്നിവരോടൊപ്പം അഭിനയിച്ച 'സംശയം" തിയേറ്ററിൽ എത്തി. ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ച 'നരിവേട്ട" മേയ് 23ന് റിലീസ് ചെയ്യും. സിനിമയിലെ മനോഹരമായ യാത്രയുടെ വിശേഷങ്ങളുമായി പ്രിയംവദ കൃഷ്ണൻ.
സംശയത്തിലെയും നരിവേട്ടയിലെയും കഥാപാത്രത്തിൽ കാണുന്ന പ്രത്യേകത?
'സംശയം" സിനിമയിൽ ഫൈസ എന്ന കഥാപാത്രം വേറിട്ട് നിൽക്കുന്നു. അത് എന്നെ അതിശയിപ്പിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ വളരാനും മാറാനും കഴിയുന്നത് പലതരം കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ്. രാജേഷ് രവി കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ തന്നെ ഇഷ്ടം തോന്നി.
'സംശയം "സിനിമയുടെ സൂപ്പർസ്റ്റാർ അതിന്റെ തിരക്കഥ തന്നെയാണ്. കഥ കേൾക്കുമ്പോൾ ഒരു സംശയം ഇല്ലാതെ ചെയ്യാൻ തോന്നി. 'സംശയം" പറയുന്നതും സംസാരിക്കുന്നതുമായ ഒരു സംശയമുണ്ട്. 'ഈ വിഷയത്തെപ്പറ്റി" സംസാരിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. ഹ്യൂമറും ഡ്രാമയും എല്ലാമുണ്ട്. ഒരു സെക്കൻഡ് പോലും ബോറടിക്കാതെ ഒരു സംശയവും ഇല്ലാതെ എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ. കണ്ടുകഴിയുമ്പോൾ സംതൃപ്തിയും പുഞ്ചിരിയുമുണ്ടാകുമെന്ന് എനിക്ക് അറിയാം.
'നരിവേട്ട"യിലെ നാൻസി വേറൊരു തലത്തിൽ ആണ്. അനുരാജ് മനോഹർ ആണ് സംവിധാനം. അഭിനയസമ്പത്തുള്ള ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതുതന്നെ വലിയ കാര്യമാണ്. ഒരു പ്രേക്ഷക മാത്രമായിരുന്നെങ്കിൽ ഞാൻ 'നരിവേട്ട"യുടെ ഭാഗമാകണമെന്ന് ഉറപ്പായും ചിന്തിക്കുമായിരുന്നു. ഒരു മാസം രണ്ടു സിനിമകൾ റിലീസാകുന്നത് കരിയറിൽ ആദ്യമായാണ്. അതിന്റെ സന്തോഷം വളരെ വലുതാണ്.
സിനിമയാണ് കരിയർ എന്നു തിരിച്ചറിഞ്ഞ് തുടങ്ങിയോ?
സിനിമ കരിയറാക്കിയെടുക്കാൻ ആഗ്രഹിക്കുകയും സ്വപ്നം കണ്ടും വന്ന ആളാണ്. ജീവിതത്തിൽ ഇതുവരെ പ്ളാൻ എ മാത്രമേ ഉള്ളൂ. പ്ളാൻ ബി ഉണ്ടായിട്ടില്ല. പ്ളാൻ എ സിനിമയും അഭിനയവുമായിരുന്നു. അങ്ങനെ ഒരു സ്വപ്നം കണ്ട ആൾ സിനിമ തന്നെ കരിയറായി മാറ്റി.
നായിക- ക്യാരക്ടർ വേഷങ്ങൾ, രണ്ടും ഒരേ പോലെ തിരഞ്ഞെടുക്കുന്നു?
നായിക വേഷം, ക്യാരക്ടർ റോൾ, വില്ലത്തി എന്നിങ്ങനെ വേർതിരിച്ചു ഇതുവരെ കണ്ടില്ല. ഇനി അങ്ങോട്ടും അങ്ങനെ കാണില്ല എന്നാണ് വിചാരം. കാരണം സിനിമയിൽ എത്തുക വലിയ ആഗ്രഹമായിരുന്നു. ഇതിലും വലിയ ആഗ്രഹം തോന്നിയിട്ടുമില്ല. അത് യാഥാർത്ഥ്യമാകുമ്പോൾ സന്തോഷമുണ്ട്. എനിക്ക് ഇനി ആഗ്രഹം നല്ല സിനിമയുടെ ഭാഗമാകുക, നല്ല കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ്. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയുടെ മുഖ്യ ഘടകമാകണം. പ്രേക്ഷകരെ ഏതെങ്കിലും വിധം ആ കഥാപാത്രം ചേർത്തുപിടിക്കുകയോ ചിന്തിപ്പിക്കുകയോ വേണം. നായികയായി മാത്രം അഭിനയിക്കാനും താത്പര്യമില്ല. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കേണ്ട സ്ഥിതി വന്നിട്ടില്ല. എന്റെ അടുത്തേക്ക് വരുന്നത് ഭാഗ്യം കൊണ്ടു നല്ല സിനിമയും കഥയും കഥാപാത്രവുമാണ്.
കാഴ്ചയിൽ തമിഴ് ഛായ തോന്നുന്നു. തമിഴിൽ നിന്ന് അവസരം വന്നോ ?
എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്, തമിഴ് ഉൾപ്പെടെ ഒട്ടുമിക്ക ഭാഷയിലും അഭിനയിക്കാൻ . അതിനു കാരണമുണ്ട്. മലയാളത്തിൽ ഒരു സിനിമയിൽ ഒരു കൊച്ചിക്കാരിയോ, കോട്ടയംകാരിയോ തിരുവനന്തപുരംകാരിയോ ആയിരിക്കാം. അപ്പോൾ അവിടത്തെ സ്ളാംഗിനുവേണ്ടി ഒരു അദ്ധ്വാനമുണ്ട്. വേറൊരു ഭാഷയിൽ സിനിമ ചെയ്യുമ്പോൾ ഇതിനേക്കാൾ അദ്ധ്വാനം വേണം ആ ഭാഷയിൽ സംസാരിക്കാൻ. അതൊരു വെല്ലുവിളി കൂടിയാണല്ലോ. അത് എന്നെ ആകർഷിക്കാറുണ്ട്. എന്നെ കൊണ്ട് എന്തെല്ലാം ചെയ്യാൻ കഴിയണമെന്ന് അറിയാൻ അത്തരം വെല്ലുവിളി ഏറ്റെടുക്കണം. നല്ലൊരു അവസരം വന്നാൽ മറ്റു ഭാഷാ സിനിമയിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |