ന്യൂഡൽഹി : പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെയുള്ള നടപടിയുടെ ഭാഗമായി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങൾ നൽകുന്ന തുർക്കി കമ്പനി സെലിബിയെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയായിരുന്നു വിലക്ക്. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഡിൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സെലിബി.
വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കുള്ള കരാർ മുന്നറിയിപ്പില്ലാതെ റദ്ദാക്കി എന്നാരോപിച്ചാണ് സെലിബി ഹർജി നൽകിയിരിക്കുന്നത്. കൊച്ചിയുൾപ്പെടെ 9 വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനത്തിൽ നിനാണ് സെലിബിയെ നീക്കിയത്. മുൻകൂട്ടി അറിയിക്കാതെയാണ് വിലക്കെന്നും മൂവായിരത്തിലധികം പേരുടെ തൊഴിലിനെ ബാധിക്കുന്നതാണ് നടപടിയെന്നും കമ്പനി പറയുന്നു. നേരത്തെ തുർക്കി പ്രസിഡന്റ് എർദോഗന്റെ മകളുടെ കമ്പനിയാണ് എന്ന പ്രചാരണം സെലിബി നിഷേധിച്ചിരുന്നു. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കാർഗോ മാനേജ്‌മെന്റ് അടക്കമുള്ള ജോലികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. വിമാനത്താവളങ്ങളിലെ ഉയർന്ന സുരക്ഷാ മേഖലകളായ എയർസൈഡ് സോണുകളിൽ കമ്പനിയുടെ ജീവനക്കാർ പ്രവർത്തിക്കുന്നു, കൂടാതെ വിമാനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിമാനങ്ങളിൽ കാർഗോ ലോജിസ്റ്റിക്സും യാത്രക്കാരുടെ ബാഗേജും സെലിബി ജീവനക്കാർ കൈകാര്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |