തിരുവനന്തപുരം: 14 ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും, തലസ്ഥാനത്ത് കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി.മന്ത്രിമാരായ ജി.ആർ.അനിൽ,എ.കെ.ശശീന്ദ്രൻ,മേയർ ആര്യാ രാജേന്ദ്രൻ,എം.എൽ.എമാരായ വി.ജോയി,വി.കെ.പ്രശാന്ത്,ആന്റണി രാജു,വാർഡ് കൗൺസിലർ രാഖി രവികുമാർ,പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു,ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പനി, മുഖ്യമന്ത്രി എത്തിയില്ല
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ.എന്നാൽ പനിമൂലം അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. വിശ്രമമായതിനാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള എല്ലാ പരിപാടികളും അദ്ദേഹം റദ്ദാക്കിയിരുന്നു.
ബി.ജെ.പി പ്രതിഷേധം
കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താത്തതിലും,പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും വയ്ക്കാതെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ചും ബി.ജെ.പി കൗൺസിലർമാർ വേദിക്കരികെ പ്രതിഷേധിച്ചു. കനകക്കുന്നിന് മുന്നിൽ പ്രതിഷേധം പൊലീസ് തടഞ്ഞു.കേന്ദ്രാവൃഷ്കൃത പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ അത് രേഖപ്പെടുത്താൻ പോലും തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
റോഡുകൾ ലോകനിലവാരത്തിലാക്കും: പി.എ. മുഹമ്മദ് റിയാസ്
എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ബി.എം.ബി.സി (ബിറ്റുമിനസ് മക്ഡം ബൈൻഡർ കോഴ്സ്, ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |