കൊല്ലം: ലഹരി ജീവിതം തകർത്ത്, ജീവനെടുത്തവരുടെ കണ്ണിയിൽ കൊല്ലത്ത് നിന്ന് രണ്ടുപേർ കൂടി. തഴുത്തല പി.കെ ജംഗ്ഷൻ എസ്.ആർ മൻസിലിൽ നസിയത്തും മകൻ ഷാനും. ഷാന്റെ ലഹരി ഉപയോഗം കുടുംബ ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ച് ജീവിതം വഴിമുട്ടിക്കുകയായിരുന്നു. നസിയത്ത് സഹോദരിമാരെ ഫോണിൽ വിളിച്ച് ഇടയ്ക്ക് സങ്കടം പറയുമായിരുന്നു. സഹോദരിമാർ പകർന്നുനൽകിയ കരുത്തിലാണ് നസിയത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
കഷ്ടപ്പെട്ട് വളർത്തിയ മകൻ
പാളയംകുന്ന് സ്വദേശിനിയായ നസിയത്ത് വിവാഹം കഴിച്ചാണ് കൊട്ടിയത്തേക്ക് വന്നത്. വാടക വീടുകൾ പലത് മാറി താമസിച്ചു. ഷാൻ ജനിച്ച് ഏതാനും വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോയി. പലയിടങ്ങളിലും ജോലിക്ക് പോയാണ് മകനെ വളർത്തിയത്. എന്നാൽ ഷാൻ പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ജോലിക്കിറങ്ങി. ഏഴ് വർഷം മുമ്പാണ് കുളപ്പാടം സ്വദേശിനിയായ റജീനയെ വിവാഹം കഴിച്ചത്. സ്വന്തമായി കിടപ്പാടമില്ലാതിരുന്ന ഇവർക്ക് റജീനയുടെ പിതാവ് വാങ്ങിനൽകിയതാണ് തഴുത്തല പി.കെ ജംഗ്ഷനിലുള്ള വീട്. നാലുവർഷം വരെ പ്രശ്നങ്ങളില്ലായിരുന്നു. ഷാൻ ലഹരി ഉപയോഗം തുടങ്ങിയതോടെ കഴിഞ്ഞ മൂന്ന് വർഷമായി റജീനയും ഷാനും തമ്മിൽ വഴക്ക് പതിവായിരുന്നു. റജീന ആദ്യം വീട്ടിൽ വിവരങ്ങൾ പറയില്ലായിരുന്നു. മർദ്ദനം പതിവായതോടെ റജീനയുടെ പിതാവ് ഇടയ്ക്കിടെ എത്തി മദ്ധ്യസ്ഥ ചർച്ച നടത്തുമായിരുന്നു.
സൗഹൃദങ്ങളില്ലാതെ ഷാൻ
മാറിമാറി ജോലി ചെയ്ത ഫ്രൂട്ട്സ് വ്യാപാര സ്ഥാപനങ്ങളിലെ സഹപ്രവർത്തകരുമായല്ലാതെ ഷാന് കാര്യമായ സൗഹൃദങ്ങളില്ലായിരുന്നു. അയൽവാസികളുമായും ബന്ധമില്ലായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ ഇടയ്ക്കിടെ ബഹളം കേൾക്കുമെങ്കിലും അയൽവാസികൾ ഇടപെടുമായിരുന്നില്ല. മർദ്ദിച്ചതായി ചൂണ്ടിക്കാട്ടിയുള്ള പരാതിക്കൊപ്പം ഷാൻ കഞ്ചാവ് വലിക്കാൻ ഉപയോഗിച്ചിരുന്ന ഒ.സി പേപ്പറുകളും കഞ്ചാവ് മിഠായിയുടെ കവറുകളും ഭാര്യ പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരായാൻ സ്റ്റേഷനിലെത്താൻ ഷാനിനോട് കഴിഞ്ഞ ദിവസം കൊട്ടിയം പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഷാനിന് ലഹരി വസ്തുക്കൾ കൈമാറിയവരെ കുറിച്ച് അന്വേഷിക്കും. ഷാനിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
കൊട്ടിയം പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |