എഴുകോൺ: കഞ്ചാവ് ലോബിയുമായി ബന്ധമുള്ളവർ എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ബാർ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വൻ ചൂതാട്ടസംഘം പിടിയിലായി. പണം വച്ച് ചീട്ടുകളിക്കുന്നവരുടെ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തെയാണ് ഡാൻസാഫ് ടീമും എഴുകോൺ പൊലീസും ചേർന്ന് പിടികൂടിയത്.
കുടിക്കോടുള്ള ബാർ ഹോട്ടലിൽ റൂമെടുത്ത് ചീട്ടുകളിക്കുകയായിരുന്നു 15 അംഗ സംഘം. ഇവരിൽ നിന്ന് 3,35,000 രൂപയും പിടിച്ചെടുത്തു. രണ്ട് ദിവസം മുമ്പ് രാത്രി ഏഴിനാണ് പരിശോധന നടത്തിയത്. ഉണ്ണിക്കൃഷ്ണൻ (52) കൊട്ടിയം, ശങ്കർ (41) വർക്കല, ഷെഫീക്ക് (43) കൊല്ലം പള്ളിത്തോട്ടം, അനസ് (30) വെളിച്ചിക്കാല, ജോൺ (43) ഓയൂർ, ഷിബു (42) പള്ളിമുക്ക്, ആഫിർ (36) ചന്ദനത്തോപ്പ്, കൊച്ചുകുഞ്ഞ് (45) പള്ളിമൺ, ഷംസുദ്ദീൻ (44) പത്തനംതിട്ട, ശരത് (36) ചങ്ങനാശേരി, ഹാരിസ് (47) കോട്ടയം, അനിബാൾ (50) തിരുവനന്തപുരം, കുഞ്ഞുമോൻ (56) കടയ്ക്കാവൂർ, അമൽ (40) വഞ്ചിയൂർ, കുഞ്ഞച്ചൻ (62) സദാനന്ദപുരം എന്നിവരാണ് ചീട്ടുകളി സംഘത്തിൽ ഉണ്ടായിരുന്നത്.
4000 രൂപ ദിവസ വാടക നൽകിയാണ് റൂമെടുക്കുന്നത്. വാട്സ്ആപ്പ് കൂട്ടായ്മയിൽ കഞ്ചാവ് ലോബിയിൽ പെട്ടവരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ഉണ്ട്. സ്ഥലവും സമയവും ഗ്രൂപ്പിലാണ് അറിയിക്കുന്നത്. പലപ്പോഴും ചൂതാട്ടം ദിവസങ്ങളോളം നീളും.
പിടികൂടിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡാൻസാഫ് എസ്.ഐ ജ്യോതിഷ് കുമാർ, എഴുകോൺ എസ്.ഐ എസ്.നിതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജു, അഭിലാഷ്, വിപിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. എഴുകോൺ എസ്.എച്ച്.ഒ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |