അഹമ്മദാബാദ്: പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയതിനുപിന്നാലെ മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ഇതൊരു ട്രെയിലർ മാത്രമാണ്.
പാക് ഭീകരവാദത്തെ വേരോടെ പിഴുതെറിയും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ ദേശീയ പ്രതിരോധ സിദ്ധാന്തത്തിന്റെ ഭാഗമാണ്.
സംഭവിച്ചതെല്ലാം വെറും ട്രെയിലർ മാത്രമായിരുന്നു. ശരിയായ സമയം വരുമ്പോൾ, മുഴുവൻ ചിത്രവും ലോകത്തിന് മുന്നിൽ കാണിക്കും. നന്നായാൽ അവർക്ക് കൊള്ളാമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്തിലെ ഭുജിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 23 മിനിറ്റിനുള്ളിൽ പാക് താവളങ്ങൾ നശിപ്പിച്ച വ്യോമസേനയ്ക്ക് അഭിനന്ദനം. തിരിച്ചടി ലോകം അറിഞ്ഞു. ആക്രമിക്കുക മാത്രമല്ല, ഭീകരവാദം ഇന്ത്യ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം വ്യോമസേന നൽകി. ഒമ്പത് ഭീകര താവളങ്ങൾ നമ്മുടെ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവൻ കണ്ടതാണ്. അതിർത്തി കടക്കാതെ പാകിസ്ഥാന്റെ ഏത് കോണും ആക്രമിക്കാൻ ഇന്ത്യക്കാകും. നമ്മുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറിയെന്ന് വ്യോമസേന തെളിയിച്ചു. ഇവിടെ നിർമ്മിച്ച ഉപകരണങ്ങളും നമ്മുടെ സൈനിക ശക്തിയുടെ ഭാഗമായെന്ന പുതിയ ഇന്ത്യയുടെ സന്ദേശം നൽകി.
ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാകിസ്ഥാൻ തന്നെ അംഗീകരിച്ചുകഴിഞ്ഞു. പാകിസ്ഥാനെ നിരീക്ഷിക്കുകയാണ്. പെരുമാറ്റം മെച്ചപ്പെട്ടില്ലെങ്കിൽ കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2001ലെ ഭൂകമ്പത്തിൽ മരിച്ചവരുടെ ഓർമ്മയ്‌ക്കായി സ്ഥാപിച്ച സ്മൃതിവൻ സന്ദർശിച്ച് രാജ്‌നാഥ് സിംഗ് ആദരാഞ്ജലി അർപ്പിച്ചു.
ഐ.എം.എഫ്
സഹായിക്കരുത്
രാജ്യാന്തര നാണയ നിധിയിൽ (ഐ.എം.എഫ്) നിന്ന് പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിനെ രാജ്നാഥ് സിംഗ് വിമർശിച്ചു. അത് ഭീകര സംഘടനകളെ സഹായിക്കാൻ ഉപയോഗിക്കും. ഇന്ത്യ നശിപ്പിച്ച ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ പാകിസ്ഥാൻ പുനർനിർമ്മിക്കാൻ തുടങ്ങി. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവൻ മസൂദ് അസറിന് പാകിസ്ഥാൻ തങ്ങളുടെ പൗരന്മാരിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ നിന്ന് 14 കോടി രൂപ നൽകും. മുരിദ്‌കെയിലും ബഹവൽപൂരിലും സ്ഥിതി ചെയ്യുന്ന ലഷ്‌കറെ ത്വയ്‌ബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും ഭീകര അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് പാകിസ്ഥാൻ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു. തീർച്ചയായും, ഐ.എം.എഫിന്റെ സഹായത്തിന്റെ വലിയൊരു ഭാഗം ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം നൽകാനായിരിക്കും ഉപയോഗിക്കുക. അതിനാൽ ഒരു സാമ്പത്തിക സഹായവും നൽകരുത്. ഫണ്ട് നൽകിയ കാര്യത്തിൽ ഐ.എം.എഫ് പുനരാലോചന നടത്തണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |