കോഴിക്കോട് : പങ്കാളിയിൽ നിന്നും ബന്ധുക്കളിൽ നിന്ന് ഉൾപ്പെടെ സ്ത്രീകൾ നിരന്തരമായി അതിക്രമങ്ങൾക്ക് ഇരയാകുന്നതായി കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ് സർവേ റിപ്പോർട്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമാക്കി 2024-25 സാമ്പത്തിക വർഷം ജില്ലയിലെ നൊച്ചാട്, അഴിയൂർ, ചാത്തമംഗലം, തലക്കുളത്തൂർ, നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളിൽ കുടുംബശ്രീ ജെൻഡർ വികസന വിഭാഗം നടത്തിയ ക്രെെം മാപ്പിംഗ് സർവേയിലാണ് സ്ത്രീകൾക്കുനേരെയുള്ള അതിക്രമം ഏറുന്നതായി കണ്ടെത്തൽ. ഏതെങ്കിലും വിധത്തിൽ സ്ത്രീകൾ ദിനംപ്രതി ലെെംഗിക, വാചിക (അസഭ്യം പറയൽ) അതിക്രമങ്ങൾക്ക് വിധേയരാകുന്നു. പങ്കാളികളിൽ നിന്ന് ലെെംഗിക, വാചിക അതിക്രമത്തിനിരയാകുന്നവരുടെ എണ്ണമാണ് കൂടുതൽ. സ്ത്രീധനത്തിന്റെ പേരിലുൾപ്പെടെ സാമ്പത്തിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരും ഏറെയുണ്ട്. ഓരോ പഞ്ചായത്തിലെയും ഓരോ വാർഡുകളിൽ നിന്ന് അമ്പത് സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. ആകെ 5400 സ്ത്രീകൾ സർവെയുടെ ഭാഗമായി. ഇവരിൽ ഒ.ബി.സി, എസ്.സി,എസ്.ടി,
മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.
ക്രൈം മാപ്പിംഗ്
ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. നാഷണൽ റൂറൽ ലെെവ് ലി ഹുഡ് മിഷന്റെ സാമ്പത്തിക സഹായത്തോടെ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീമാണ് വിവരശേഖരണം നടത്തുന്നത്. രഹസ്യസ്വഭാവം നിലനിർത്തിയാണ് അംഗങ്ങളിൽ നിന്ന് കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ പൊലീസ് സഹായം തേടും.
സ്ത്രീ സൗഹൃദമല്ലാത്ത
ഇടങ്ങളുമുണ്ട്
രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് വഴി നടക്കാൻ പറ്റാത്തതുൾപ്പെടെ സ്ത്രീസൗഹൃദമല്ലാത്ത ഇടങ്ങളും സർവെയുടെ ഭാഗമായി നടത്തിയ സ്പോട്ട് മാപ്പിംഗ് വഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ' ആക്ഷൻ പ്ലാൻ" അതത് തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇവ 2025 സാമ്പത്തിക വർഷത്തെ പദ്ധതികളിലുൾപ്പെടുത്തി നടപ്പാക്കും.
അതിക്രമങ്ങൾ
സാമ്പത്തികം- 1613
ശാരീരികം- 635
ലൈംഗികം- 2749
സാമൂഹികം- 1171
വാചികം (അസഭ്യം)-2649
മാനസികം- 1886
ആകെ - 10703
'' പലവിധ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും അത് തിരിച്ചറിയാത്തവരും പരാതിപ്പെടാൻ സന്നദ്ധരാകാത്തവരും ഏറെയാണ്. ക്രെെം മാപ്പിംഗ് എന്നതിലുപരി അതിന്റെ കാരണങ്ങളെ തടയുക എന്നതാണ് സർവേയുടെ ഉദ്ദേശം.
- നിഷിധ സെെബുനി ( ക്രെെം മാപ്പിംഗ് സർവേ പ്രോഗ്രാം മാനേജർ , കുടുംബശ്രീ മിഷൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |