തിരുവനന്തപുരം: കൈമനത്ത് ഒഴിഞ്ഞ വാഴത്തോപ്പിൽ 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ഇവരും സുഹൃത്ത് സജികുമാറും തമ്മിൽ ദിവസങ്ങളായി നിലനിന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സജികുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം സജികുമാറിന്റെ വീടിനടുത്തുള്ള പുരയിടത്തിലെത്തിയ ഷീജ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 10.10ഓടെ കരമന - കളിയിക്കാവിള റോഡിലെ കുറ്റിക്കാട് ലെയിനിലെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. നിലവിളി കേട്ട് സമീപവാസികൾ നോക്കുമ്പോൾ, വാഴത്തോട്ടത്തിൽ ഒരാൾ നിന്ന് കത്തുന്നതാണ് കണ്ടത്.നാട്ടുകാർ ഇവിടേക്ക് എത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫോർട്ട് എ.സി എ.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് മരിച്ചത് ഷീജയാണെന്ന് തിരിച്ചറിഞ്ഞത്.
ഷീജയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ സജി കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഷീജയും സജികുമാറും കുറച്ചുകാലം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഷീജയുടെ വീട് സംഭവസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ്. ഷീജ രാത്രിയിൽ ഒറ്റയ്ക്ക് ഇവിടേക്ക് എത്തില്ലെന്നും, സജി ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നുമാണ് ഷീജയുടെ സഹോദരി ഷീബ പൊലീസിനോട് പറഞ്ഞിരുന്നു. ഉള്ളൂരിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈയിൽസിൽ സെയിൽസ് ഗേളായിരുന്നു ഷീജ.സജികുമാറിന്റെ ഭീഷണി കാരണം മൂന്ന് വർഷമായി ടെക്സ്റ്റയിൽസിനു സമീപമുള്ള ഹോസ്റ്റലിലാണ് ഷീജ താമസിച്ചിരുന്നതെന്ന് സഹോദരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |