ഫിറ്റ്നെസ് പരിശോധനയില്ലാതെ കെട്ടിടം
ശംഖുംമുഖം: ഫിറ്റ്നെസ് സർട്ടിഫിക്കറ്റുകളില്ലാത്ത കെട്ടിടങ്ങളിൽ അങ്കണവാടികൾ പ്രവർത്തിക്കരുതെന്ന സാമൂഹ്യനീതിവകുപ്പിന്റെ നിർദേശം നിലനിൽക്കെ, ഫിറ്റ്നെസ് പരിശോധനകൾ നടത്താത്ത അങ്കണവാടികളും പ്രവർത്തിക്കുന്നുണ്ടെന്ന് പരാതി. 2011 മാർച്ച് 22ന് തദ്ദേശവകുപ്പിറക്കിയ സർക്കുലർ പ്രകാരം എല്ലാവർഷവും മേയ് 10നകം തദ്ദേശവകുപ്പ് എൻജിനിയറോ ഓവർസിയറോ വാടകക്കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അങ്കണവാടികൾ പരിശോധിച്ച് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകണം. മുമ്പ് നടന്ന ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പലയിടങ്ങളിലും അപകടകരമായ കെട്ടിടങ്ങളിലാണ് അങ്കണവാടികൾ പ്രവർത്തിക്കുന്നതെന്നും ഇത് കുരുന്നുകളുടെ ജീവന് ഭീഷണിയാണന്നും അടിയന്തര പരിഹാരം കൈക്കൊള്ളണമെന്നും നിർദേശിച്ചിരുന്നു.
ചായ്പ്പുകളിലും
തീരദേശത്തെ വീടുകളുടെ പിന്നിലും പാർവതി പുത്തനാറിന്റെ കരയിലും ചായ്പ്പുകൾ കെട്ടിയും അങ്കണവാടികൾ പ്രവർത്തിക്കുന്നു! ഒറ്റമുറി കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം അങ്കണവാടികളിലും വെളിച്ചമോ വായുവോ കടക്കാത്ത അവസ്ഥ. ഈ കുടുസുമുറികളിൽ പാചകത്തിനായി ഗ്യാസ് ഉപയോഗിക്കുന്നത് കുട്ടികളുടെ ജീവനും ഭീഷണിയാണ്. ചിലയിടങ്ങളിലെ അങ്കണവാടികളിൽ ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാൽ തുറസായ സ്ഥലങ്ങളിലാണ് കുട്ടികൾ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നത്.
യോഗം ചേരുന്നില്ല
സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ സുരക്ഷയ്ക്കായി തദ്ദേശസ്ഥാപനത്തിന്റെ അദ്ധ്യക്ഷന്മാർ എല്ലാ മാർച്ച് അവസാനവും ഐ.സി.ഡി.എസ് സൂപ്പർവൈസർ അങ്കണവാടി പ്രവർത്തകർ, എൻജിനിയർ/ഓവർസിയർ എന്നിവരുടെ യോഗം വിളിക്കണം. ഈ യോഗത്തിൽ സ്ഥിതി വിലയിരുത്തി ആക്ഷൻപ്ലാൻ തയാറാക്കി വേണം പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനെന്നാണ് നിർദേശം.
പേരിനുപോലുമില്ല
അറ്റകുറ്റപ്പണി
വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തേണ്ടത് കെട്ടിടഉടമയ്ക്കാണ്. എന്നാൽ ഫിറ്റ്നെസ് പരിശോധനകളില്ലാത്തതിനാൽ പലയിടത്തും പേരിനുപോലും അറ്റകുറ്റപ്പണി നടത്താറില്ലെന്നാണ് രക്ഷകർത്താക്കൾ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |