വായ്പകളും നിക്ഷേപങ്ങളുമായി ആഗോള ഫണ്ടുകൾ സജീവം
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയുടെ മികച്ച വളർച്ച സാദ്ധ്യതകൾ കണക്കിലെടുത്ത് ആഗോള നിക്ഷേപ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യൻ കമ്പനികൾക്ക് മികച്ച വ്യാപാര സാദ്ധ്യതകൾ തുറന്നിടുമെന്ന പ്രതീക്ഷയിലാണ് ഫണ്ടുകൾ പണമൊഴുക്കുന്നത്. ഇന്ത്യയുടെ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് ശേഷം ഇന്ത്യൻ ഓഹരികൾ വിദേശ നിക്ഷേപകരുടെ കരുത്തിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. തീരുവ യുദ്ധത്തിലെ അനിശ്ചിതത്വങ്ങൾ ഒഴിവാക്കി അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്ന് ട്രംപ് വ്യക്തമാക്കിയതാണ് നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിച്ചത്. ഇതോടെ പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്‌റ്റിയും ഏഴ് മാസത്തെ ഉയർന്ന തലത്തിലെത്തി. ഓഹരി നിക്ഷേപത്തിനൊപ്പം വായ്പകൾക്കും ഓഹരി പങ്കാളിത്തത്തിനും ഇന്ത്യൻ കമ്പനികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങളുമായി കൈകോർക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾക്ക് പുതിയ വായ്പ ആഗോള ഫണ്ടുകളിൽ നിന്ന് ലഭിച്ചു.
നടപ്പു മാസത്തിലെ നിക്ഷേപം 23,778 കോടി രൂപ
നടപ്പുമാസം ആദ്യ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 23,778 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങികൂട്ടിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ച വിദേശ നിക്ഷേപകർ ഏപ്രിലിന് ശേഷം ശക്തമായി തിരിച്ചെത്തി. ഏപ്രിലിലെ വിദേശ നിക്ഷേപം 4,243 കോടി രൂപയാണ്.
ആവേശം ഉയർത്തുന്നത്
1. അമേരിക്കയുമായി പകരച്ചുങ്ക അനിശ്ചിതത്വം ഒഴിവാക്കി ഇന്ത്യ വ്യാപാര കരാർ ഒപ്പുവക്കാനുള്ള സാദ്ധ്യത
2. പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ മേധാവിത്തവും ഉത്തരവാദിത്തത്തോടെയുള്ള നിലപാടുകളും
3. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യൻ കമ്പനികൾ മികച്ച പ്രവർത്തന ഫലം നേടിയത്
4. ആഗോള ആയുധ വ്യാപാര രംഗത്ത് ഇന്ത്യൻ കമ്പനികളുടെ ഉത്പന്നങ്ങൾക്കും സാങ്കേതികവിദ്യകൾക്കും പ്രിയമേറുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |