തിരുവനന്തപുരം: യുവജനങ്ങൾക്ക് കുറഞ്ഞത് രണ്ടുവർഷത്തെ നിർബന്ധിത സൈനിക പരിശീലനം നൽകണമെന്ന്
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പറഞ്ഞു. എസ്.പി.സിയുടെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി 'അസെന്റ്' മാർ ഇവാനിയോസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനിക പരിശീലനം അച്ചടക്കവും ദേശസ്നേഹവും വളർത്തും. പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന നിർണായകമായ ഒരു ശക്തിയാണ് കേഡറ്റുകൾ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന യുവജന ശാക്തീകരണത്തിനുള്ള ഏറ്റവും പ്രായോഗികമായ മാതൃകയാണ് എസ്.പി.സി കേഡറ്റുകൾ. ഇത് സമഗ്രമായ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുമെന്ന് ഗവർണർ കൂട്ടിച്ചേർത്തു. മികച്ച കേഡറ്റുകൾക്കുള്ള അവാർഡുകൾ ഗവർണർ വിതരണം ചെയ്തു. ഈ വർഷത്തെ അസെന്റ് പ്രോഗ്രാമിൽ 14 ജില്ലകളിൽ നിന്നുള്ള 911 കേഡറ്റുകൾ, 150 അദ്ധ്യാപകർ, 250 പൊലീസുകാർ എന്നിവർ പങ്കെടുത്തു.
പ്ലസ് വൺ: ഇന്നലെ വരെ
3,99,459 അപേക്ഷകർ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് ഇന്നലെ വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചത് 3,99,459 വിദ്യാർത്ഥികൾ. എസ്.എസ്.എൽ.സി പാസായ 3,75,076 പേർ അപേക്ഷ സമർപ്പിച്ചപ്പോൾ സി.ബി.എസ്.ഇയിൽ നിന്ന് 17,637, ഐ.സി.എസ്.ഇയിൽ നിന്ന് 1,888, ഇതര ബോർഡിൽ നിന്നുള്ള 4,858 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. ഇന്നലെ വൈകിട്ട് വരെ 4,16,115 പേർ ഏകജാലക പ്രവേശനത്തിന്റെ ലോഗിൻ സൃഷ്ടിച്ചു. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള (എം.ആർ.എസ്) പ്രവേശനത്തിന്റെ രണ്ടാംദിനം വരെ ലഭിച്ചത് 720 അപേക്ഷകൾ. 1,248 പേർ ലോഗിൻ സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. http://www.hscap.kerala.gov.in/ 24ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂൺ 2നാണ് ആദ്യ അലോട്ട്മെന്റ്.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ മാസ്റ്റർ ഒഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്സിന്റെ ആദ്യ അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ .മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ ജൂൺ 2 മുതൽ 5 നകം നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
കരാർ നിയമനം
തിരുവനന്തപുരം:കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കൺസൾട്ടന്റ് പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് മേയ് 20 മുതൽ ജൂൺ 5 വരെ അപേക്ഷ സമർപ്പിക്കാം. www.cmd.kerala.gov.in .
തടി വിൽപ്പന : ഇ-ലേലം ജൂണിൽ
തിരുവനന്തപുരം:വനം വകുപ്പിന്റെ ഭാഗമായ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തുന്നു.തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്.തെൻമല,കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ ജൂൺ 4നും ആര്യങ്കാവ്, അച്ചൻകോവിൽ തടി ഡിപ്പോയിൽ 10നും മുളളുമല,തെന്മല തടി ഡിപ്പോകളിൽ 20നും കുളത്തൂപ്പുഴ, ആര്യങ്കാവ് തടി ഡിപ്പോകളിൽ 26 നുമാണ് ഇ-ലേലം നടക്കുക.ഫോൺ: 0471-2360166.രജിസ്ട്രേഷൻ: www.mstceccomerce.com, www.forest.kerala.gov.in.
നൂറനാട് ഹനീഫ് നോവൽ പുരസ്കാരം:
രചനകൾ ക്ഷണിച്ചു
കൊല്ലം:നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ 15-ാമത് നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് സാഹിത്യ രചനകൾ ക്ഷണിച്ചു. 25052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസിൽ താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുക. 2022-25 വർഷങ്ങളിലെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്ന് കോപ്പി ജൂൺ പത്തിനകം എത്തിക്കണം.വായനക്കാർക്കും മികച്ച കൃതികൾ നിർദ്ദേശിക്കാം.വിലാസം: ആർ.വിപിൻചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ്, അനുസ്മരണസമിതി, കൊല്ലം ജില്ലാ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം-1. ഫോൺ: 9447472150, 9447453537.
സീനിയർ റസിഡന്റ്
തിരുവനന്തപുരം:കൊല്ലം ഗവ.മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് അഭിമുഖം നടത്തും.വിവരങ്ങൾക്ക്: www.gmckollam.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |