തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയിൽ അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന കോൺഗ്രസിലെ പിന്നാക്ക സമുദായ നേതാക്കൾ രംഗത്തെത്തി. ഇതു സംബന്ധിച്ച് എ.ഐ.സി.സിക്ക് കൂട്ട നിവേദനം നൽകിയതോടെ പ്രശ്നം ചർച്ചാവിഷയമായി.
സംഘടനാതലത്തിലും, സ്ഥാനാർത്ഥി നിർണയത്തിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടരുന്ന വിവേചനവും വെട്ടിനിരത്തലും അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. എ.ഐ.സി.സി, കെ.പി.സി.സി ഭാരവാഹികൾക്ക് അയച്ച കൂട്ട നിവേദനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈഴവ,മുസ്ലിം,വിശ്വകർമ്മ,നാടാർ, ദളിത്, ധീവര,ലത്തീൻ കത്തോലിക്ക വിഭാഗങ്ങളിൽപ്പെട്ട കെ.പി.സി.സി മുതൽ ഡി.സി.സി തലം വരെയുള്ള നേതാക്കളാണ് കോൺഗ്രസ്
പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ,ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ,ദീപാദാസ് മുൻഷി എന്നിവർക്കും,പുതിയ കെ.പി.സി.സി ഭാരവാഹികൾക്കും ഇ -മെയിലായി നിവേദനം സമർപ്പിച്ചത്.
പിന്നാക്ക സമുദായങ്ങളോട് 2006ലെ നിയമസഭ തിരഞ്ഞെടുപ്പുമുതലാണ് കോൺഗ്രസ് നേതൃത്വം കടുത്ത അവഗണന തുടങ്ങിയത്. കേരളത്തിൽ കോൺഗ്രസ് ഇന്ന് നേരിടുന്ന ദുരവസ്ഥയ്ക്കു മുഖ്യ കാരണവും ഇതാണ്. മുകൾപ്പരപ്പിലെ ഐക്യ പ്രഖ്യാപനം കൊണ്ടുമാത്രം അടുത്ത ഭരണം പിടിക്കാനാവില്ല.പാർട്ടിയിൽ നിന്ന് അകന്നുപോയ ഭൂരിപക്ഷം വരുന്ന പിന്നാക്ക-അധഃസ്ഥിത ജനങ്ങളെയും നിഷ്ക്രിയരായി മാറിയ അണികളെയും ചേർത്തുപിടിക്കാനാവണം. അല്ലെങ്കിൽ മൂന്നാംവട്ടവും കോൺഗ്രസിന് പ്രതിപക്ഷത്ത് തുടരേണ്ടിവരും. സ്ഥാനാർത്ഥി നിർണയത്തിൽ ജാതി,സ്വാർത്ഥ താത്പര്യങ്ങൾ മുൻനിറുത്തി ചില ഉന്നത നേതാക്കൾ പിന്നാക്ക വിഭാഗങ്ങളെ വെട്ടിനിരത്താറുണ്ട്. ഈ കടുംവെട്ടാണ് 2011 മുതലുള്ള നിയമസഭ തിരഞ്ഞുടുപ്പുകളിൽ കോൺഗ്രസ് മെലിയാൻ കാരണം.ഈഴവ സമുദായത്തിൽപ്പെട്ടവർ ഉൾപ്പെടെയുള്ള പിന്നാക്കക്കാർക്ക് 40 മുതൽ 50 സീറ്റു വരെ നീക്കിവച്ചിരുന്നു. ഇപ്പോൾ അത് 20-ൽ താഴെയായി. 2011ലെ തിരഞ്ഞുടുപ്പിനുശേഷം നിയമസഭയിൽ കോൺഗ്രസിന് മൂന്ന് ഈഴവ അംഗങ്ങണ് ഉണ്ടായിരുന്നത്. 2016ലും,2021ലും അത് ഒരാൾ വീതമായി.നാടാർ സമുദായത്തിൽ നാലു കോൺഗ്രസ് എം.എൽ.എമാർ വരെ ഉണ്ടായിരുന്നു. ഇപ്പോൾ വട്ടപ്പൂജ്യം. വിശ്വകർമ്മ തുടങ്ങിയ സമുദായങ്ങൾക്ക് സഭയിൽ ഉണ്ടായിരുന്ന ഏകാംഗത്വവും പോയി.
ഡി.സി.സി തലപ്പത്ത് ജാതിക്കുത്തക
തിരുവനന്തപുരം ഉൾപ്പെടെ ചില ഡി.സി.സികളിൽ പ്രസിഡന്റ് സ്ഥാനം ചില മുന്നാക്ക സമുദായങ്ങളുടെ കുത്തകയാക്കി മാറ്റിയിരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. പിന്നാക്ക വിഭാഗക്കാരായ നിരവധി നേതാക്കൾ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന തിരുവനന്തപുരം ഡി.സി.സിയിൽ തുടർച്ചയായ ആറു തവണയായി ഒരു മുന്നാക്ക സമുദായത്തിൽപ്പെട്ട നേതാക്കളാണ് അദ്ധ്യക്ഷസ്ഥാനത്ത്. എ.ഐ.സി.സിയുടെ പുതിയ മാർഗനിർദ്ദേശ പ്രകാരം,ഓരോ ജില്ലയിലെയും സംഘടനാപ്രവർത്തനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും നിർണായക പങ്ക് അതത് ഡി.സി.സി പ്രസിഡന്റുമാർക്കാണ്. സംസ്ഥാനത്ത് തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ കെ.പി.സി.സി, ഡി.സി.സി അഴിച്ചുപണിയിലും ഇക്കാര്യം
പരിഗണിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |