കുന്നത്തൂർ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പിടികൂടാനെത്തിയ പൊലീസുകാരന്റെ കാൽ തല്ലിയൊടിച്ചു. ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ശൂരനാട് സ്റ്റേഷനിലെ സി.പി.ഒ ശ്രീകാന്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പതാരം സ്വദേശിയായ ആദിത്യനെ (21) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ അറിയിച്ചത്: അമ്മയും മകളും മാത്രം കഴിയുന്ന വീട്ടിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ വീടിന്റെ മതിൽ ചാടി ജനൽ വഴി ഷേഡിലൂടെ മുകൾ നിലയിൽ എത്തിയ യുവാവ് വെള്ളിയാഴ്ച രാവിലെ ഉച്ചത്തിൽ ബഹളം വയ്ക്കുന്നത് കേട്ട് നോക്കുമ്പോഴാണ് വീട്ടുകാർ യുവാവിനെ കാണുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടി. ഈ സമയം അമിത ലഹരിയിലായിരുന്നു ഇയ്യാളെന്നും പറയപ്പെടുന്നു.തുടർന്ന് ശൂരനാട് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ പൊലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. റിമാൻഡിലായ യുവാവ് പുറത്തിറങ്ങിയാൽ തങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി അതിക്രമത്തിന് ഇരയായ വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുൻപ് രണ്ട് തവണ ഇയാൾ ഈ വീട്ടിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |