ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന്, വിദേശത്ത് പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. അതുപോലെ ഇന്ത്യയെ അനുകരിച്ച് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ വിദേശത്തേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാനും. ഇന്ത്യയുടെ നീക്കത്തിന് തൊട്ടടുത്ത ദിവസമാണ്, പാകിസ്ഥാൻ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. മേയ് ഏഴു മുതല്‍ 10 വരെ നീണ്ടു നിന്ന ഓപ്പറേഷന്‍ സിന്ദൂറിനിടെ നാല് ദിവസത്തെ സൈനിക ഇടപെടലില്‍ ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ വൻ തിരിച്ചടി നേരിട്ടിരുന്നു. അതിനു പിന്നാലെ ഇന്ത്യ എന്തൊക്കെ നടപടികൾ കൈക്കൊള്ളുന്നുവൊ അതുപോലെ തന്നെ ചെയ്യാനാണ് പാകിസ്ഥാന്റെയും നീക്കം.
മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയോടാണ് വിദേശ രാജ്യങ്ങളിൽ പോയി തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷെഹ്ബാസ് ഷെരീഫ് തന്നെ ബന്ധപ്പെട്ടതായും ഒരു പ്രതിനിധി സംഘത്തെ നയിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ബിലാവല്‍ ഭൂട്ടോ എക്‌സിൽ കുറിച്ചു. ഇന്ത്യയുടേതിന് സമാനമായി പ്രതിപക്ഷം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളും പരിചയസമ്പന്നരായ നയതന്ത്രജ്ഞരും ഓരോ പ്രതിനിധി സംഘത്തിലും ഉണ്ടാകും.
പാക് ഭീകരതയ്‌ക്കെതിരായ നയത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കുന്നതിനായിട്ടാണ് കേന്ദ്രസർക്കാർ എഴ് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തെ വിദേശത്തേക്ക് അയക്കുന്നത്. കോൺഗ്രസ് നേതാവ് ശശി തരൂർ, ബിജെപി നേതാവ് രവിശങ്കർ പ്രസാദ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, AIMIM നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവരുൾപ്പെടെ പാർലമെന്റ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മുൻ നയതന്ത്രജ്ഞർ എന്നിവരടങ്ങുന്ന ഏഴ് ഇന്ത്യൻ പ്രതിനിധികളാണ് വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്നത്.
എന്നാൽ പാകിസ്ഥാനുമായി ഭീകരവാദ വിഷയത്തിൽ മാത്രമേ ഇന്ത്യ ചർച്ച നടത്താൻ ആഗ്രഹിക്കുന്നുള്ളൂ, പാക് ഭീകരത ഇന്ത്യൻ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടുന്നതു വരെ സിന്ധു നദീ ജല കരാർ നിർത്തിവച്ചിരിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന മേഖലകളുടെ ഭാഗങ്ങൾ ഒഴിവാക്കുക എന്നതാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച വ്യക്തമാക്കിയത്. മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ കൃത്യതയാർന്ന ആക്രമണങ്ങൾ ഇന്ത്യ നടത്തുകയും ചെയ്തത്. മേയ് 10ന് വെടിനിർത്തൽ പ്രഖ്യാപനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |