ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും മൂല്യമുളള സ്റ്റാർട്ടപ്പ് കമ്പനികളിലൊന്നായിരുന്നു ബൈജൂസ്. മലയാളിയും സംരംഭകനുമായ ബൈജു രവീന്ദ്രനാണ് എഡ്യൂ- ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ സ്ഥാപകൻ. 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ബൈജൂസ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധികൾ അടക്കമുളള പ്രശ്നങ്ങൾ നേരിടുകയാണ്. അതുമായി ബന്ധപ്പെട്ട് പല നിയമനടപടികളും ബൈജൂസിനെതിരെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇപ്പോഴിതാ കമ്പനിയുടെ നിയന്ത്രണം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുൽനാഥും. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അവർ ബൈജൂസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബൈജൂസിനെക്കുറിച്ച് പലതരത്തിലുളള ആരോപണങ്ങളും ഉയരുന്നുണ്ട്. കമ്പനിയുടെ വായ്പാ തിരിച്ചടവ് മുടങ്ങി, ജീവനക്കാരെ പിരിച്ചുവിടുന്നു എന്നിവയൊക്കെയാണ് ആരോപണങ്ങൾ. ഞങ്ങൾ കോടതി മുറികളല്ല, ക്ലാസ് മുറികളാണ് സൃഷ്ടിച്ചതെന്നും ദിവ്യാ ഗോകുൽനാഥ് പറഞ്ഞു.
തിരിച്ചടവ് മുടങ്ങിയതോടെ ബൈജൂസിന് വായ്പ നൽകിയ പല സ്ഥാപനങ്ങളും നിയമനടപടികൾ സ്വീകരിച്ചു. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും അധികം മൂല്യമുളള സ്റ്റാർട്ടപ്പ് കമ്പനികളിലൊന്നായിരുന്നു. ഈ കമ്പനിക്കെതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) പാപ്പരത്ത നടപടികൾ സ്വീകരിച്ചിരുന്നു. ബോർഡ് ഒഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) നൽകിയ ഹർജിയെ തുടർന്നായിരുന്നു നടപടി. ബൈജൂസ് 159 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പരാതി നൽകിയത്.
മറ്റ് പല വായ്പാദാതാക്കളും എൽസിഎൽടിയെ സമീപിച്ചിരുന്നു. വർഷങ്ങൾ കടന്നതോടെ ബൈജൂസിന്റെ മൂല്യം പൂജ്യം എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അതേസമയം, ബൈജൂസിന്റെ പതനത്തിന് കാരണം കമ്പനി നടപ്പിലാക്കിയ ചില തീരുമാനങ്ങൾ കാരണമായിരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. നിലവിൽ ബൈജൂസിന് വലിയ കടബാദ്ധ്യതകൾ ഉണ്ട്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന നിരവധി പരാതികളും ഉയരുന്നുണ്ട്. ഇത്തരത്തിലുളള തിരിച്ചടികൾ ഒഴിവാക്കാൻ ബൈജു രവീന്ദ്രൻ ദുബായിലേക്ക് താമസം മാറിയെന്ന റിപ്പോർട്ടുകളും ഉയർന്നിരുന്നു.
നിലവിൽ അമേരിക്കയുടെ വായ്പാ ദാതാക്കൾ ബൈജു രവീന്ദ്രനെതിരെ യുഎസ് കോടതിയിൽ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. വർഷങ്ങളായുളള ബാദ്ധ്യതകളടക്കം ബൈജൂസ് 1.2 ബില്യൺ ഡോളർ തിരികെ അടയ്ക്കാനുണ്ടെന്നാണ് അമേരിക്കൻ വായ്പാദാതാക്കൾ വാദിക്കുന്നത്. എന്നാൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബൈജു രവീന്ദ്രന്റെയും ഭാര്യയുടെയും വാദം.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തെക്കുറിച്ചും ബൈജു രവീന്ദ്രൻ പോഡ്കാസ്റ്റിൽ വിശദീകരണം നൽകിയിട്ടുണ്ട്. '2021ൽ ബൈജൂസ് സാമ്പത്തികപരമായി പ്രതിസന്ധി നേരിട്ട സമയത്ത് താൻ ദുബായിലായിരുന്നു.പ്രോസ്യൂസ് അടക്കമുളള നിക്ഷേപകർ കഴിഞ്ഞ അഞ്ച് വർഷമായി ബൈജൂസിൽ നിക്ഷേപം നടത്തിയിട്ടില്ല. ബൈജൂസിനും എനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ തെറ്റാണ്. നിലവിൽ കമ്പനി കൂടുതൽ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇഡി അന്വേഷണത്തിൽ വ്യക്തിപരമായി കാര്യങ്ങളുമായി ബന്ധമില്ല. ഞങ്ങളുടെ മുഴുവൻ സമ്പാദ്യവും ഇന്ത്യയിൽ നിന്നുണ്ടായതാണ്. നിക്ഷേപവും ഇന്ത്യയിൽ തന്നെയാണ്'- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |