ന്യൂഡൽഹി: ഭീകരതയ്ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങളിൽ 59 അംഗങ്ങൾ. ഓരോ സംഘത്തിലും നേതാക്കൾക്കു പുറമേ മുൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. 32 രാഷ്ട്രങ്ങൾ സന്ദർശിക്കും.
'ഒരു ദൗത്യം, ഒരു സന്ദേശം, ഒരു ഇന്ത്യ' എന്ന തലക്കെട്ടോടെ
പൂർണ പട്ടിക പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ശശി തരൂർ നയിക്കുന്ന സംഘം യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.
സി.പി.എം രാജ്യസഭാ നേതാവായ ജോൺ ബ്രിട്ടാസ് അംഗമായ സംഘം ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഒഫ് കൊറിയ, ജപ്പാൻ, സിംഗപ്പൂർ രാജ്യങ്ങൾ സന്ദർശിക്കും.
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലീം ലീഗ്) അംഗമായ സംഘം യു.എ.ഇയും ചില അഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.
മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ (ബി.ജെ.പി) അംഗമായ സംഘം ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങൾ സന്ദർശിക്കും. സൗദിയിലേക്കും കുവൈറ്റിലേക്കും ബഹ്റൈനിലേക്കും പാേകുന്നത് ബി.ജെ.പിയുടെ എം.പി
ബയ്ജയന്ത് പാണ്ഡെ നയിക്കുന്ന സംഘമാണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യവും നടപടികളും ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തി ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് പിന്തുണ ഉറപ്പാക്കുകയും, പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യം. ഏഴ് സംഘങ്ങളും ഉടൻ പുറപ്പെടുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 31 പേർ എൻ.ഡി.എയിൽ നിന്നും 20 പേർ എൻ.ഡി.എ ഇതര പാർട്ടികളിൽ നിന്നുള്ളവരുമാണ്.
തരൂർ സംഘാംഗങ്ങൾ
ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി)
ഭുവനേശ്വർ കലിത (ബി.ജെ.പി)
തേജസ്വി സൂര്യ (ബി.ജെ.പി)
ശാംഭവി (എൽ.ജെ.പി രാംവിലാസ്)
സർഫറാസ് അഹമ്മദ് (ജെ.എം.എം)
ജി.എം. ഹരീഷ് ബാലയോഗി (ടി.ഡി.പി)
മിലിന്ദ് ദിയോറ (ശിവസേന)
മുൻ നയതന്ത്രജ്ഞൻ സന്ധു തരൺജി
തരൂരിനെ മുന്നിൽ നിറുത്തി
കോൺഗ്രസിനെ വെട്ടിലാക്കി
കോൺഗ്രസ് നൽകിയ പട്ടികയിലെ
മൂന്നുപേരെ കേന്ദ്രം വെട്ടി
ന്യൂഡൽഹി: നയതന്ത്രരംഗത്തെ പ്രമുഖൻ എന്നതരത്തിൽ ലോകരാജ്യങ്ങളിൽ അറിയപ്പെടുന്ന ശശി തരൂരിനെ യു.എസിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ തലവനാക്കിയതിലൂടെ കേന്ദ്ര സർക്കാർ രാഷ്ട്രീയ നേട്ടം കൊയ്തപ്പോൾ, കോൺഗ്രസിന് അതു പ്രഹരമായി.
കോൺഗ്രസ് അദ്ദേഹത്തെ നിർദേശിച്ചിരുന്നില്ല എന്ന വിവരം അവർതന്നെ പുറത്തുവിട്ടതോടെയാണ് രാഷ്ട്രീയ വിഷയമായി മാറിയത്.
കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെയാണ് തരൂർ സംഘത്തെ നയിക്കാമെന്ന് സമ്മതം മൂളിയതെന്നാണ് വിവരം.
നയതന്ത്രതലത്തിലെ പ്രവൃത്തി പരിചയത്തിന്റെ പിൻബലത്തിൽ തരൂർ സ്വയം തീരുമാനമെടുക്കുകയായിരുന്നു. അദ്ദേഹത്തെ തള്ളാൻ കഴിയാത്ത അവസ്ഥയിലായി പാർട്ടി.
കോൺഗ്രസ് നൽകിയ നാലു പേരുകളിൽ നിന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ്മയെ മാത്രമാണ് പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. ഗൗരവ് ഗൊഗൊയ്, ഡോ. സയീദ് നാസർ ഹുസൈൻ, രാജാ ബ്രാർ എന്നിവർക്ക് അവസരം കൊടുത്തില്ല. പകരം, നയതന്ത്ര തലത്തിലെ മുൻപരിചയം കൈമുതലായുള്ള ശശി തരൂർ, മനീഷ് തിവാരി, അമർ സിംഗ്, സൽമാൻ ഖുർഷിദ് എന്നിവരെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പല വിഷയങ്ങളിലും മോദി സർക്കാരിനും പിണറായി വിജയൻ സർക്കാരിനും തരൂർ പിന്തുണ നൽകിയത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് സർവകക്ഷി സംഘ വിവാദം.
തരംതാണ രാഷ്ട്രീയം;
നേതാക്കളെ തടയില്ല
രാജ്യസുരക്ഷ പോലുള്ള വിഷയത്തിൽ ബി.ജെ.പിയെപോലെ തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്ന് കോൺഗ്രസ്. ഭീകരതയ്ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താൻ നാലു പേരുകൾ കേന്ദ്രം മേയ് 16ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. അന്ന് ഉച്ചയ്ക്ക് അവ കൈമാറി. അതിൽ നിന്ന് ഒരു പേര് മാത്രമാണ് പട്ടികയിലുള്ളത്. വിലകുറഞ്ഞ രാഷ്ട്രീയ കളിയാണിത്. മോദി സർക്കാർ ഉൾപ്പെടുത്തിയ കോൺഗ്രസ് നേതാക്കൾക്ക് ലോകരാജ്യങ്ങളിലേക്ക് പോകാവുന്നതാണ്. പാർലമെന്റ് പ്രത്യേക സമ്മേളനം, സർവകക്ഷി യോഗം എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |