പാകിസ്ഥാൻ പ്രശ്നക്കാരാണ്. ഇന്ത്യാമഹാരാജ്യത്തെ തകർക്കാൻ തക്കംപാർത്ത് നടക്കുന്നവർ. പക്ഷേ പാകിസ്ഥാൻ മുക്കുകാർ ശുദ്ധ പാവങ്ങളാണ്. അവിടെ പാകിസ്ഥാനികളില്ല. പത്തരമാറ്റുള്ള ഭാരതീയരേയുള്ളു. എന്നിട്ടും നാടിന് പേര് പാകിസ്ഥാൻ മുക്കെന്നായി. കൊല്ലം , പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാകിസ്ഥാൻ മുക്ക്. കടമ്പനാട്ട് നിന്ന് ഏനാത്തേക്കുള്ള റോഡിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ പാകിസ്ഥാൻമുക്കായി. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ഐവർകാല പടിഞ്ഞാറ് വാർഡിലാണ് ഈ മുക്ക്.
പേരുകേൾക്കുമ്പോൾ അന്യനാട്ടുകാർ പരിഭ്രമിക്കുമെങ്കിലും പാകിസ്ഥാൻമുക്കുകാർക്ക് കൂസലില്ല. ഒരു പേരിലെന്തിരിക്കുന്നു എന്നാണ് അവരുടെ ചോദ്യം. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ളീങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന പ്രദേശത്തിന് പാകിസ്ഥാൻ മുക്കെന്ന് പേരുവീണത് എങ്ങനെയെന്ന് അവർക്കും തിട്ടമില്ല. സർക്കാർ രേഖകളിൽ മുതൽ കടകളുടെ ബോർഡുകളിൽ വരെ പേര് ഇങ്ങനെതന്നെ. ഇതുവഴി പോകുന്ന ബസ് നിറുത്തി പാകിസ്ഥാൻമുക്ക് ആളിറങ്ങാനുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇറങ്ങുന്നവരിലും കയറുന്നവരിലും ഒറ്റ പാകിസ്ഥാനികളില്ല താനും. എന്നിട്ടും പേര് പണ്ടുമുതലേ നാടിന് പുലിവാലാണ്.
ശത്രുരാജ്യത്തിന്റെ പേര് ഇന്ത്യയിലെ ഒരു നാടിന് വേണ്ടെന്ന് വാശിപിടിക്കുന്നവരുണ്ട്. ഈ പേര് വേണ്ടെന്ന് പാകിസ്ഥാൻമുക്കുകാർക്കും ആഗ്രഹമുണ്ട്. പക്ഷേ മാറേണ്ടേ. പണ്ടേ പറഞ്ഞു ശീലിച്ചുപോയി. ഇടയ്ക്ക് നാട്ടുകാരിൽ ചിലർ ശാന്തിസ്ഥാൻ എന്നും പ്രിയദർശിനി നഗർ എന്നുമാക്കി പേര്. പക്ഷേ പറഞ്ഞും കേട്ടും ശീലിച്ചതല്ലേ നിലനിൽക്കു. അങ്ങനെ പാകിസ്ഥാൻമുക്ക് വീണ്ടും പാകിസ്ഥാൻമുക്കായി. പാകിസ്ഥാനികളില്ലെങ്കിലും ഭാഗ്യദോഷം കൊണ്ട് പാകിസ്ഥാൻ മുക്കെന്നും പാകിസ്ഥാൻ കവലയെന്നും പേരുവീണ വേറെയും നാടുകളുണ്ട് കേരളത്തിൽ. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിലാണ് പാകിസ്ഥാൻ കവല. തലസ്ഥാനമായ തിരുവനന്തപുരത്തുമുണ്ട് ഒരു പാകിസ്ഥാൻ മുക്ക്. കോന്നിയിലെ ചൈനാമുക്കു പോലെ പാവം പേരല്ല പാകിസ്ഥാൻ മുക്ക്. കലഞ്ഞൂരിലേക്ക് പോകാൻ കോന്നി വഴി വന്നപ്പോൾ അന്ന് കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയായ നാട്ടിലെ ചുവന്ന കൊടിതോരണങ്ങൾ കണ്ട് 'ഇതെന്താ ചൈനയാണോ ' എന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ചോദിച്ചതിന്റെ ചുവടുപിടിച്ചാണ് ചൈനാമുക്കെന്ന് പേരുവീണത്. പക്ഷേ അത്ര നിസാരമല്ല പാകിസ്ഥാൻ മുക്ക് എന്ന പേര് എന്ന് പറയുന്നവരുണ്ട്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയർ ചോദിച്ചതുപോലെയല്ല. ഒരു പേരിൽ പലതുമുണ്ട്.
ഇതുവഴി പോകുന്ന ബസ് നിറുത്തി പാകിസ്ഥാൻമുക്ക് ആളിറങ്ങാനുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇറങ്ങുന്നവരിലും കയറുന്നവരിലും ഒറ്റ പാകിസ്ഥാനികളില്ല . എന്നിട്ടും പേര് പണ്ടുമുതലേ നാടിന് പുലിവാലാണ്. ശത്രുരാജ്യത്തിന്റെ പേര് ഇന്ത്യയിലെ ഒരു നാടിന് വേണ്ടെന്ന് വാശിപിടിക്കുന്നവരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |