കൊല്ലം: വഞ്ചിനാട് എക്സ്‌പ്രസ് സ്ഥിരമായി വഴിയിൽ പിടിച്ചിട്ട് യാത്രക്കാരെ ബന്ദികളാക്കി റെയിൽവേ. വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് വഞ്ചിനാട് കായകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ രാവിലെയും വൈകിട്ടും കൃത്യമായി സഞ്ചരിച്ചിട്ടുള്ളു.
രാവിലെ എറണാകുളത്ത് നിന്ന് കായംകുളത്ത് എത്തുന്ന വഞ്ചിനാട് എക്സ് പ്രസ് ഭൂരിഭാഗം ദിവസങ്ങളിലും 30 മുതൽ 40 മിനിട്ട് വരെ അവിടെ പിടിച്ചിടും. അതുകൊണ്ട് തന്നെ പത്തുമണിക്ക് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ പത്തരയ്ക്ക് ശേഷമേ എത്തുള്ളു. ഈ ട്രെയിനിൽ കയറുന്ന സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഓഫീസുകളിലെത്തുമ്പോൾ പതിനൊന്ന് കഴിയും.
അഥവാ കായംകുളത്ത് നിന്ന് ഒരുപാട് വൈകാതെ പുറപ്പെട്ടാൽ മറ്റെവിടെയെങ്കിലും പിടിച്ചിടും. വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതും വൈകിയാണ്. 5.45ന് പുറപ്പെടേണ്ട ട്രെയിൻ പല ദിവസങ്ങളിലും പത്തും പതിനഞ്ചും മിനിറ്റ് വൈകിയാണ് എടുക്കുന്നത്. വൈകി തമ്പാനൂരിൽ എത്തുന്ന കന്യാകുമാരി- പുനലൂർ പാസഞ്ചറിനെ കടത്തിവിടാനാണ് വഞ്ചിനാട് വൈകിട്ട് വൈകിപ്പിക്കുന്നത്.
റെയിൽവേയുടെ ബന്ദിയാക്കൽ ശിക്ഷ
മറ്റ് ട്രെയിനുകൾക്കായി വഞ്ചിനാട് എക്സ് പ്രസ് പലയിടങ്ങളിലും പിടിച്ചിടുന്നു
സ്ഥിരം യാത്രക്കാർ എല്ലാ ദിവസവും പെരുവഴിയിൽ
പരാതി പറഞ്ഞാലും പരിഹാരം ഇല്ല
ഇന്നലെ
ഇന്നലെ 7.40ന് കായംകുളം വിട്ട വഞ്ചിനാട് 20 മിനിട്ട് പെരിനാടും പിന്നീട് കൊല്ലം ഔട്ടറിലും പിടിച്ചിട്ടു. 9 മണിയോടെയാണ് കൊല്ലത്തെത്തിയത്. കായംകുളത്ത് നിന്ന് 10 മിനിട്ട് വൈകി യാത്രയാരംഭിച്ച വണ്ടി കൊല്ലത്തെത്തിയപ്പോൾ ഏകദേശം 45 മിനിട്ട് വൈകി. തിരുവനന്തപുരത്ത് എത്തിയത് 10.30നും.
ആദ്യം വരുന്ന ട്രെയിൻ ആദ്യം പോകണം എന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നിലനിൽക്കെയാണ് ചില ഉദ്യോഗസ്ഥർ ബോധപൂർവം വഞ്ചിനാട് അടക്കമുള്ള ട്രെയിനുകൾ പിടിച്ചിടുന്നത്. യാത്രക്കാരെ ട്രെയിനിൽ മണിക്കൂറുകൾ ബന്ദികളാക്കുന്നത് ക്രൂരതയാണ്.
ജെ. ലിയോൺസ്, സെക്രട്ടറി
ഫ്രണ്ട്സ് ഓൺ റെയിൽസ്
വഞ്ചിനാടിന്റെ സമയക്രമം
രാവിലെ
കായംകുളം-7.28
കൊല്ലം-8.20
തിരുവനന്തപുരം-10
വൈകിട്ട്
തമ്പാനൂർ- 5.45
കൊല്ലം- 7.00
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |