വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ 267 -ാം പരമാദ്ധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ഔദ്യോഗികമായി സ്ഥാനമേറ്റു. സഭയിലെ ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം കത്തോലിക്ക സഭയുടെ പൈതൃകം സംരക്ഷിക്കുമെന്നും ഏകാധിപതിയെ പോലെ ഭരിക്കില്ലെന്നും പ്രതിജ്ഞയെടുത്തു. ലോകത്ത് ഐക്യത്തിനും സാഹോദര്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിനും ചുറ്റുമായി അണിനിരന്ന 2,00,000ത്തോളം വരുന്ന വിശ്വാസികളെ പ്രത്യേക വാഹനത്തിലെത്തി അനുഗ്രഹിച്ച ശേഷമാണ് ദിവ്യബലിയുടെ പ്രധാന ചടങ്ങുകളിലേക്ക് ലിയോ മാർപാപ്പ കടന്നത്. ബസിലിക്കയ്ക്ക് ഉള്ളിലെ സെന്റ് പീറ്ററിന്റെ കല്ലറയ്ക്ക് മുന്നിൽ അദ്ദേഹം പ്രാർത്ഥിച്ചു. ചടങ്ങുകളുടെ ഭാഗമായി വലിയ ഇടയന്റെ 'പാലിയം " എന്നറിയപ്പെടുന്ന ആരാധനാ വസ്ത്രവും സ്ഥാന മോതിരവും ( ഫിഷർമാൻസ് റിംഗ്) അദ്ദേഹത്തിന് കൈമാറി. യു.എസിൽ നിന്നും പെറുവിൽ നിന്നും നിരവധി വിശ്വാസികൾ ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു. മാർപാപ്പാ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് ലിയോ പതിനാലാമൻ. എന്നാൽ അദ്ദേഹം കൂടുതൽ കാലം പ്രവർത്തിച്ചത് പെറുവിൽ മിഷനറിയായിട്ടാണ്. അദ്ദേഹത്തിന് പെറു പൗരത്വവുമുണ്ട്. 1955 സെപ്തംബർ 14ന് യു.എസിലെ ഷിക്കാഗോയിലാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ മാർപാപ്പയുടെ ജനനം. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയിലെ ബിഷപ്പായിരുന്ന അദ്ദേഹം 2023ലാണ് കർദ്ദിനാൾ ആയത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ പാരമ്പര്യം തുടരുമെന്ന് ലിയോ മാർപാപ്പ പറഞ്ഞു. ഗാസയിലെയും യുക്രെയിനിലെയും മാനുഷിക സാഹചര്യങ്ങളും അദ്ദേഹം പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ജർമ്മൻ ചാൻസലർ ഫ്രെഡ്‌റിക് മെർസ് തുടങ്ങിയ ലോകനേതാക്കളും ചടങ്ങുകൾക്ക് സാക്ഷിയായി. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |