ഹൈദരാബാദ്: സൗദി അറേബ്യയിലെ ഐസിസ് വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. സിറാജ് ഉർ റഹ്‌മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ സംയുക്ത പരിശോധനയിൽ ആദ്യം ആന്ധ്രയിലെ വിഴിനഗരത്തിൽ നിന്നും സിറാജ് ഉർ റഹ്‌മാനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹൈദരാബാദിൽ സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. തുടർന്ന് ഹൈദരാബാദിൽ നിന്ന് സയിദ് സമീർ അറസ്‌റ്റിലായി. ഞായറാഴ്‌ചയാണ് സംഭവം.
സ്‌ഫോടക വസ്‌തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൗഡർ എന്നിവയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കൾ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുസമൂഹം ജാഗ്രത പുലർത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഈ മാസം ഏഴ് മുതൽ 10 വരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി പാകിസ്ഥാനിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം രാജ്യത്ത് സ്ളീപ്പർ സെല്ലുകൾ സജീവമാകുമെന്ന് കേന്ദ്രം, വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനെത്തുടർന്ന് പരിശോധനയിലാണ് വൻ സ്‌ഫോടന പദ്ധതി പൊലീസ് പൊളിച്ചത്.
ഒരു നേപ്പാൾ സ്വദേശിയടക്കം 26പേരാണ് കാശ്‌മീരീലെ പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ചത്. ഇതിന് മറുപടിയായി കൊടുംഭീകരൻ ഹാഫിസ് സയിദിന്റെ കുടുംബാംഗങ്ങളടക്കം നിരവധി പേരെ ഇന്ത്യ വധിച്ചിരുന്നു. സൈനിക താവളങ്ങളും ഇന്ത്യ തകർത്തു. ഇതിനിടെ ഇന്ത്യയിൽ മൂന്ന് സ്‌ഫോടനങ്ങളിൽ പ്രതിയായ സെയ്‌ഫുള്ള ഖാലിദ് എന്ന കൊടുംഭീകരനെ കഴിഞ്ഞദിവസം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ഒരുകൂട്ടം ആളുകൾ വധിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |