അതിക്രമിച്ചു കടന്നെത്തിയ പാക് ഭീകരർ ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഉല്ലാസ യാത്രയ്ക്കെത്തിയ കുടുംബങ്ങളിലെ 26 നിരപരാധികളായ പുരുഷന്മാരെ നിഷ്കരുണം വെടിവച്ച് കൊന്നതിന് ഇന്ത്യ അർഹമായ തിരിച്ചടി നൽകിക്കഴിഞ്ഞു. ഭീകരരുടെ വെടിയുണ്ടകളേറ്റ് ഗൃഹനാഥന്മാർ പിടഞ്ഞുവീണ് മരിക്കുന്ന കാഴ്ച നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ കൊല്ലപ്പെട്ടവരുടെ ഭാര്യന്മാർക്കും മക്കൾക്കും കഴിഞ്ഞുള്ളൂ. അകാലത്തിൽ സീമന്തരേഖയിലെ കുറിമാഞ്ഞുപോയ വനിതകളുടെ ദുഃഖം നെഞ്ചിലേറ്റി രാഷ്ട്രം അതിർത്തിരേഖകൾ കടന്ന് ചെകുത്താൻ സേവകരായ ഭീകരരുടെ താവളങ്ങൾ തരിപ്പണമാക്കി, നൂറിലേറെ ഭീകരരെ ചുട്ടെരിച്ചു.
പാക് ഭീകരരുടെ വെടിയേറ്റ് 26 നിരപരാധികൾക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഏറ്റവും ഗുരുതരവും ഗൗരവതരവുമായ കാര്യം പാകിസ്ഥാനികളായ ഭീകരർ ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ പൗരന്മാരുടെ മതം ചോദിച്ച് അവരെ വിവസ്ത്രരാക്കി മുസ്ലിംങ്ങളല്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് കൊന്നുതള്ളിയത് എന്നതാണ്. ഇന്ത്യ അതിനെല്ലാം ഒടുവിൽ എണ്ണിപ്പറഞ്ഞ് കണക്കുതീർത്തിരിക്കുകയാണ്. പാകിസ്ഥാൻ ഭീകരരെ ഉന്മൂലനം ചെയ്യുവാനുള്ള ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പ്രധാനമന്ത്രി നാമകരണം ചെയ്ത് തികച്ചും അന്വർത്ഥമാക്കുന്ന നടപടികളാണ് ഇന്ത്യൻ സൈന്യം കൈക്കൊണ്ടത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോൾ ഈ ദൗത്യത്തിൽ ഇന്ത്യ പാകിസ്ഥാനുമേൽ മേൽക്കൈ നേടിയെന്നുമാത്രമല്ല, ഒട്ടേറെ നേട്ടങ്ങളും അന്താരാഷ്ട്ര തലത്തിൽ പ്രശംസയും അംഗീകാരവും കൈവരിക്കുകയും ചെയ്തു. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മേയ് ഏഴിന് ഇന്ത്യ നടത്തിയ മിസൈലാക്രമണം അതിശക്തമായ താക്കീതായിരുന്നു. പാകിസ്ഥാനിലും അധിനിവേശ കാശ്മീരിലും നിന്ന് പാക് പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധം നടത്തിയ മതഭ്രാന്തരായ ഭീകരരുടെ ഈറ്റില്ലങ്ങളാണ് ഇന്ത്യ തകർത്തത്.
ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മസൂദ് അസ്ഹർ എന്ന കൊടുംഭീകരന്റെ സഹോദരനും ഇന്ത്യ ഒരിക്കലും മറക്കാത്ത കാണ്ഡഹാർ വിമാന റാഞ്ചലിന്റെ ആസൂത്രകൻ അബ്ദുൾ അസർ റൗഫിനെയും കൂട്ടത്തിൽ വധിക്കാനായി. പാകിസ്ഥാൻ ഭീകരർ പഹൽഗാം ആക്രമണം അഴിച്ചുവിട്ടതിന്റെ 16-ാം നാളാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്ഥാനിലെ സൈനിക ക്യാമ്പുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കാതെ ഭീകരതാവളങ്ങൾ മാത്രമായിരുന്നു ഇന്ത്യ തകർത്തത്.
പുൽവാമ, ബലാക്കോട്ട് ഭീകര ആക്രമണങ്ങൾ പാകിസ്ഥാൻ നടത്തിയപ്പോഴും തിരിച്ച് ഇന്ത്യ ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ മാത്രമായിരുന്നു ലക്ഷ്യം വച്ചത്. 2019ലെ പുനഃസംഘടനയ്ക്കുശേഷം കാശ്മീരിൽ സമാധാനം അല്പാല്പമായി തിരിച്ചുവരുന്നതും ജനകീയ സർക്കാർ ഉണ്ടായതും ജനങ്ങൾ ഉയർന്ന സാമ്പാദ്യത്തിലേക്കും അഭിവൃദ്ധിയിലേക്കും നീങ്ങുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് മേഖലയെ അസ്ഥിരപ്പെടുത്താനും സമാധാന അന്തരീക്ഷം തകർക്കാനും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ ആക്രമണം നടത്തിയത്.
ഭീകരരുടെ താവളങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ ശക്തമായ താക്കീത് നൽകുകയും ചെയ്തു. എന്നാൽ ഇത് പാകിസ്ഥാന്റെ പരമാധികാരത്തിനുമേൽ നടന്ന ആക്രമണമാണെന്നും യു. എൻ. പ്രമാണരേഖയനുസരിച്ച് ആത്മരക്ഷാർത്ഥം തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ് പാകിസ്ഥാൻ ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ഇരുപതിലേറെ ഗ്രാമീണർ കൊല്ലപ്പെടാനും ഇടയായി. ഇതേതുടർന്നാണ് മേയ് 10ന് പുലർച്ചെ ഇന്ത്യ പാകിസ്ഥാന്റെ വ്യോമസേനാ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശക്തമായ ആക്രമണം നടത്തിയത്.
ഇന്ത്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഒട്ടേറെ പാക് സൈനികർ കൊല്ലപ്പെടുകയും സൈനിക വിമാനത്താവളങ്ങൾ തകരുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിയിൽ പാക് ആണവ കേന്ദ്രങ്ങളുടെ കവാടങ്ങൾ തകർന്നെന്നും ആണവ ചോർച്ചയുണ്ടാകുന്നുവെന്നും അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. മേയ് പത്തിന് ഇന്ത്യ നടത്തിയ ആക്രമണത്തോടെ പാകിസ്ഥാന് ചില കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഇന്നത്തെ ഇന്ത്യ വിചാരിച്ചാൽ പാകിസ്ഥാന്റെ ഏതു മൂലയും തരിപ്പണമാക്കാൻ പറ്റും. ചൈനീസ് ആയുധങ്ങൾ വച്ച് ഇന്ത്യയുടെ ലോകനിലവാരത്തിലുള്ള അത്യാധുനിക ആയുധശേഖരത്തെ പ്രതിരോധിക്കാനാവില്ല. ഇന്ത്യ റദ്ദാക്കിയ സിന്ധു നദീജല കരാർ വരുംനാളുകളിൽ പാകിസ്ഥാന്റെ നട്ടെല്ലൊടിക്കും. 11.91 ലക്ഷം കോടി രൂപയുടെ വിദേശ കടമുള്ള പാകിസ്ഥാന് ഒരാഴ്ച നീളുന്ന യുദ്ധം ചെയ്യാൻ പോലും ദ്രവ്യസ്രോതസ്സുകളില്ല എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങളാണ് അവരെ യുദ്ധത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
മാത്രമല്ല,ആഭ്യന്തരമായ ഒട്ടേറെ പ്രശ്നങ്ങളും പാകിസ്ഥാനിൽ പുകയുന്നുണ്ട്. ഒരുകാലത്ത് പാകിസ്ഥാൻ പോറ്റിവളർത്തിയ താലിബാനികൾ പടിഞ്ഞാറൻ അതിർത്തിയിൽ ഇപ്പോൾ അവർക്കെതിരെ പോരിനിറങ്ങിയിരിക്കുകയാണ്. തെക്ക് പടിഞ്ഞാറ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആ ഭൂവിഭാഗത്തെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാക് സമ്പദ് വ്യവസ്ഥയാകട്ടെ നിലംപരിശാകുകയാണ്. ഇതിനിടയിലാണ് മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയോട് മതഭ്രാന്തിന്റെ പേരിൽ പാകിസ്ഥാൻ പോരിനിറങ്ങുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വിഭജിക്കപ്പെട്ട അന്നു മുതൽ ഇന്നുവരെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി രൂപപ്പെടാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
സ്വേച്ഛാധിപത്യം, സൈനിക ഭരണം, അഴിമതി, ആഭ്യന്തര കലാപങ്ങൾ എന്നിവയുടെ പിടിയിലാണ് ആ രാജ്യം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമേൽ അധീശത്വം പുലർത്തുന്നത് സൈന്യവും മതഭീകരവാദ പ്രസ്ഥാനങ്ങളുമാണ്. ഇന്ത്യയെ കശ്മീരിന്റെയും മതത്തിന്റെയും പേരിൽ ശത്രുപക്ഷത്ത് നിർത്തി പാക് ജനതയ്ക്കുമേൽ അസത്യങ്ങളുടെ കെട്ടഴിക്കുകയാണ് അവിടുത്ത സൈന്യവും ഭീകരനേതാക്കന്മാരും. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിലൂടെ ആക്രമിക്കാനുള്ള കാരണങ്ങൾ എഴുപത് രാജ്യങ്ങളിലെ അറ്റാഷെമാരോട് വിശദീകരിച്ചിരുന്നു. അസർബൈജാനും തുർക്കിയും ഒഴികെയുള്ള ലോകരാജ്യങ്ങൾ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കൈക്കൊണ്ടതെന്നത് ഇന്ത്യയുടെ മറ്റൊരു നേട്ടമാണ്.
ബുദ്ധപൂർണ്ണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം ഊന്നിപറഞ്ഞത് ഭീകരതയ്ക്കെതിരെ നടപടി കൈക്കൊള്ളുന്നതിന്, അണവായുധ പ്രയോഗമെന്ന പാക് ഭീഷണി തടസമാകില്ലെന്നും അത്തരം ഭീഷണികളോട് സഹിഷ്ണുത കാട്ടില്ലെന്നുമാണ്. ഇന്ത്യയ്ക്ക് സമാധാനത്തോടെ ജീവിക്കണം. അത് നേടിയെടുക്കാൻ ശക്തിപ്രയോഗവും ആവശ്യമായേക്കും എന്നും മോദി ചൂണ്ടിക്കാട്ടി. പാക് ഭീകരരുടെ പഹൽഗാം ആക്രമണം ഇന്ത്യൻ നയതന്ത്ര തലത്തിൽ സുപ്രധാനമായ ഗതിമാറ്റത്തിനാണ് വഴിവച്ചിരിക്കുന്നത്.
പാകിസ്ഥാനുമായി ഇനി ഏതെങ്കിലും തരത്തിൽ സംഭാഷണം നടത്തുന്നുവെങ്കിൽ അത് പാകിസ്ഥാൻ കൈക്കലാക്കിവച്ചിരിക്കുന്നതും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതുമായ കാശ്മീർഭാഗം തിരിച്ചു തരുന്നതിനെക്കുറിച്ച് മാത്രമാകണമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചിട്ടില്ലെന്നും വെടിനിർത്തൽ താത്കാലികമാണെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകുന്നു.
എന്തായാലും പാക് - ഇന്ത്യ ഏറ്റുമുട്ടൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങളുടെ അന്താരാഷ്ട്ര വിപണിമൂല്യം കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഇന്ത്യ - പാക് വെടിനിർത്തലിന് വഴിയൊരുക്കിയത് യു. എസ്. ആണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ ചർച്ച ചെയ്തിട്ടില്ലെങ്കിലും കാശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ആവശ്യം ഇല്ലെന്നാണ് ഇന്ത്യയുടെ വിദേശകാര്യ വക്താവ് വെളിപ്പെടുത്തിയത്. ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിട്ടുണ്ട്. ആവർത്തന വിരസമായ ഇത്തരം പ്രഹസനങ്ങൾക്ക് വർത്തമാനകാല ഇന്ത്യ തയ്യാറാവാൻ സാദ്ധ്യത തീരെ കാണുന്നില്ല.
ഇന്ത്യയുടെ അഖണ്ഡതയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുന്ന പാകിസ്ഥാനെ പോലുള്ള ഭീകര രാഷ്ട്രങ്ങളോട് പൊരുതുമ്പോൾ തന്നെ ഇന്ത്യയ്ക്കകത്തു നിന്ന് രാജ്യത്തിനെതിരെ നിഴൽ യുദ്ധം നയിക്കുന്ന ക്ഷുദ്രശക്തികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ള ഒരു ഭീകരൻ കേരളത്തിലും ബംഗളൂരിലും വിദ്യാർത്ഥിയായിരുന്നുവെന്നും അയാൾക്ക് സൗകര്യമൊരുക്കിയവർ നമുക്കു ചുറ്റും കാണാമറയത്തുണ്ട് എന്നതും വളരെ ഗൗരവത്തോടെ കാണേണ്ട സംഗതിയാണ്. (
മാധവൻ ബി നായർ
ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡന്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |