കള്ളപ്പണ കേസുകൾ അന്വേഷിക്കാൻ മാത്രമല്ല, കുറ്റക്കാരെന്ന് തെളിയുന്നവരെ അറസ്റ്റുചെയ്ത് ജയിലിലാക്കാൻ കൂടി നിയമം അധികാരപ്പെടുത്തിയിരിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളിലൊന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡി. കള്ളപ്പണക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഇ.ഡിക്ക് അധികാരമുണ്ട്. നിയമം ഇ.ഡിക്ക് നൽകിയിരിക്കുന്ന നഖമുള്ള ഈ അധികാരങ്ങളാണ് ഈ ഏജൻസിയെ കള്ളപ്പണക്കാരുടെയും കുഴൽപ്പണക്കാരുടെയുമൊക്കെ പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നത്. കേന്ദ്ര സർക്കാരുകൾ ഈ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് എതിരാളികളെ കുടുക്കാനും നിശബ്ദരാക്കാനും ഉപയോഗിക്കുന്നു എന്ന ആരോപണം ഈ ഏജൻസി രൂപീകരിച്ച നാൾ മുതൽ നിലവിലുള്ളതുമാണ്. രാഷ്ട്രീയമായ ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഇത്തരം ഏജൻസികൾ രാജ്യത്തു നടത്തിയ കള്ളപ്പണ റെയിഡുകളും മറ്റ് നടപടികളുമൊന്നും ആർക്കും നിഷേധിക്കാനാവില്ല. അതിനാൽ ഇത്തരമൊരു ഏജൻസി രൂപീകരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യത്തെ ചോദ്യം ചെയ്യുന്നത് കള്ളപ്പണ ഇടപാടുകൾ രാജ്യത്ത് വൻതോതിൽ നടക്കുന്നിടത്തോളം ശരിയുമല്ല.
താരതമ്യേന ഏറ്റവും സത്യസന്ധരായവരും സമർത്ഥരുമായ ഉദ്യോഗസ്ഥരാണ് ഇത്തരം ഏജൻസികളിൽ പ്രവർത്തിക്കുക. ഇവർ പിടികൂടുന്നവരും ലക്ഷ്യം വയ്ക്കുന്നവരും പലപ്പോഴും വൻകിട പുള്ളികളായതിനാൽ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ ഇവർക്കു മേൽ ഉണ്ടാവുക സ്വാഭാവികമാണ്. അപ്പോഴൊക്കെ ഉദ്യോഗസ്ഥർ പിടിച്ചുനിൽക്കുന്നതും കോടതികളിൽ കേസ് അവതരിപ്പിക്കുന്നതും അന്വേഷണത്തിൽ കണ്ടെത്തിയ വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ്. അപ്പോൾ ഒരു കാരണവശാലും കള്ളപ്പണം അന്വേഷിക്കുന്നവർ കള്ളം കാണിക്കാൻ പാടില്ല എന്നാണ് വയ്‌പ്. എന്നാൽ ഇ.ഡിയിലും ചില പുഴുക്കുത്തുകൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നു തെളിയിക്കുന്നതാണ് ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടർ ശേഖർ കുമാർ വിജിലൻസ് കേസിൽ ഒന്നാം പ്രതിയായ കോഴക്കേസ്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് കേസെടുക്കുകയും ഒതുക്കിത്തീർക്കാൻ രണ്ട് കോടി രൂപ കശുഅണ്ടി വ്യവസായിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ അഡ്വാൻസായി രണ്ടുലക്ഷം രൂപ വാങ്ങുകയും ചെയ്തതായാണ് വിജിലൻസ് കേസ്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറെ കൂടാതെ ഇടനിലക്കാരനായി പ്രവർത്തിച്ച രണ്ട് ഏജന്റുമാരും കൊച്ചിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരും അറസ്റ്റിലായിട്ടുണ്ട്. വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരുടെ പങ്കാളിത്തമടക്കം ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണുള്ളത്. പ്രതികളായി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ഇടനിലക്കാർക്ക് കൈമാറുകയും തുടർന്ന് വിലപേശലിനൊടുവിൽ കേസൊതുക്കാൻ കൈക്കൂലി വാങ്ങുകയുമാണ് പതിവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാധാരണഗതിയിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ ആരും തയ്യാറാകില്ല. ഇവിടെ കൃത്യമായ വിവരങ്ങളോടെ പരാതിക്കാരൻ മൊഴി നൽകിയതിനാലാണ് ഇ.ഡി പ്രതിക്കൂട്ടിലായത്.
ഇ.ഡിയിൽ മാത്രമല്ല, വിജിലൻസിലും കാശു മേടിച്ച് കേസൊതുക്കിയ പൂർവ ചരിത്രങ്ങളും കേസുകളുമുണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ ഇത്തരം അന്വേഷണ ഏജൻസികളെ മൊത്തത്തിൽ വിമർശിക്കുന്നത് കാടടച്ച് വെടിവയ്ക്കുന്നതിനു തുല്യമാണ്. ഡൽഹിയിലെ ഒരു ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽ നിന്ന് ചാക്കുകണക്കിന് നോട്ടുകെട്ടുകൾ കണ്ടെടുത്തെന്നു കരുതി രാജ്യത്തെ ജുഡിഷ്യറി മുഴുവൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് പറയുന്നതിന്റെ ദോഷം സാധാരണ പൗരന്മാരാണ് പിന്നീട് അനുഭവിക്കേണ്ടിവരുന്നത്. ഏതു ഭരണഘടനാ സ്ഥാപനത്തിലും കേന്ദ്ര ഏജൻസികളിലും അതിന്റെ സത്യസന്ധമായ ഉദ്ദേശ്യലക്ഷ്യങ്ങൾ അട്ടിമറിക്കുന്ന വ്യക്തികൾ കടന്നുകൂടാം. അത്തരം പുഴുക്കുത്തുകളെ കൈയോടെ പിടിച്ച് പുറന്തള്ളണം. അന്വേഷണ ഏജൻസികൾ സ്വതന്ത്രവും സത്യസന്ധവുമായി നിലകൊള്ളേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |