200 കോടി രൂപയുടെ ഐ.ടി പദ്ധതിക്ക് തുടക്കം
നെടുമ്പാശേരി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല, സാമൂഹ്യവത്ക്കരിക്കുകയെന്ന നയമാണ് സിയാൽ പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ വയനാട് മാതൃകാ ടൗൺഷിപ്പ് നിർമ്മാണത്തിൽ 400 വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി സിയാൽ നടപ്പാക്കുന്നത്. പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന 'സിയാൽ 2.0" പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം 50,000ത്തിലേറെ യാത്രക്കാരെത്തുന്നു. ഒരു ലക്ഷത്തിലധികം പേർ ദിവസവും അനുബന്ധ ആവശ്യങ്ങൾക്കും എത്തുന്നു. നാനൂറിലധികം സർക്കാർ, സർക്കാർ ഇതര ഏജൻസികളും 30 എയർലൈനുകളും ഹോട്ടലുകളുൾപ്പെടെ ഇരുന്നൂറോളം വാണിജ്യ സ്ഥാപനങ്ങളും 12,000 ജീവനക്കാരും പ്രവർത്തിക്കുന്നു.
നിർമ്മിത ബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാൽ 2.0 യിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. .
മന്ത്രിപി. രാജീവ് അദ്ധ്യക്ഷനായിരുന്നു. എം.പിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി ജോർജ്, വർഗീസ് ജേക്കബ്, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ജനറൽ മാനേജർ (എ.ടി. ആൻഡ് കമ്യൂണിക്കേഷൻസ്) എസ്. സന്തോഷ് എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന എയ്‌റോ ഡിജിറ്റൽ സമ്മിറ്റിൽ ഐ.ടി എക്‌സ്പീരിയൻസ് സെന്റർ, റോബോട്ടിക് പ്രദർശനം എന്നിവയ്‌ക്കൊപ്പം രാജ്യത്തെ പ്രമുഖ ഐ.ടി വിദഗ്ദ്ധർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |