ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലും പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലും പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു തുര്‍ക്കി. ഇന്ത്യയിലേക്ക് പാക് സൈന്യം നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമായി മാറുകയും ചെയ്തു. തുര്‍ക്കിയോടുള്ള ബഹിഷ്‌കരണം തുടരുകയാണ് ഇന്ത്യ.
ഇപ്പോഴിതാ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈന്തപ്പഴം ഉള്‍പ്പെടെയുള്ള ഡ്രൈഫ്രൂട്ട്‌സ് മുതലായ ഭക്ഷണപദാര്‍ത്ഥങ്ങളും ബഹിഷ്‌കരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈ ഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.
ഇന്ത്യയില്‍ ബേക്കറി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള നല്ലൊരു വിഭാഗം അസംസ്‌കൃത വസ്തുക്കളും തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതോടെ തുര്‍ക്കിക്ക് വിവിധ മേഖലകളില്‍ തിരിച്ചടി നല്‍കുകയാണ് ഇന്ത്യ. നേരത്തെ തുര്‍ക്കിയില്‍ നിന്നുള്ള പഴവര്‍ഗങ്ങളുടെ ഇറക്കുമതിയും ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. പ്രതിവര്‍ഷം 1400 കോടിയുടെ ആപ്പിളാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.
വ്യോമയാന മേഖലയിലെ തുര്‍ക്കിഷ് കമ്പനിയുമായുള്ള സഹകരണം ഉള്‍പ്പെടെ റദ്ദാക്കാനും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് തുര്‍ക്കി നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |