തിരുവനന്തപുരം: പൊലീസുകാരിയെ മാനഭംഗം ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ പ്രതിയായ എസ്.ഐയിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് സസ്പെൻഷനിലായ കെഎപി മൂന്നാം ബറ്റാലിയൻ അസി.കമൻഡാന്റ് സ്റ്റാർമോൻ പിള്ള ഇരയുടെ 'ലോക്കൽ ഗാർഡിയൻ'. ഈ വിശ്വാസം വച്ചാണ് ഇരയായ പൊലീസുകാരി പീഡനവിവരം സ്റ്റാർമോനെ അറിയിച്ചത്. വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയായ വിൽഫർ ഫ്രാൻസിസിൽ നിന്ന് 25ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഒത്തുതീർപ്പുണ്ടാക്കുന്നതിന് ശ്രമിച്ച സൈബർ ഓപ്പറേഷൻസിലെ സീനിയർ സി.പി.ഒ അനു ആന്റണിയും സസ്പെൻഷനിലാണ്.
സ്റ്റാർമോൻ പിള്ളയുടെ സംരക്ഷണ ചുമതലയിലുണ്ടെന്ന് അവകാശപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയാണ് പീഡനത്തിനിരയായത്. വിവരം അറിഞ്ഞിട്ടും അനു ആന്റണി വഴി പ്രതിയിൽ നിന്ന് 25ലക്ഷം ആവശ്യപ്പെട്ടത് സദുദ്ദേശത്തോടെയല്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. അനു ആന്റണി അതിജീവിതയെ നിരന്തരം ഫോണിൽ വിളിച്ച് ഒത്തുതീർപ്പിന് നിർബന്ധിച്ചു. രണ്ട് ഉദ്യോഗസ്ഥരുടെയും പ്രവൃത്തികൾ സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നാണ് ഉത്തരവിലുള്ളത്. ഇര പണം ആവശ്യപ്പെടുകയോ ഒത്തുതീർപ്പിന് തയ്യാറാവുകയോ ചെയ്തില്ല. അവർ കേസുമായി മുന്നോട്ടുപോയി. പേരൂർക്കട പൊലീസെടുത്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.ഈ കേസിന്റെ അന്വേഷണ ഘട്ടത്തിലാണ് പണം ആവശ്യപ്പെട്ടത് പുറത്തുവന്നത്. പീഡനക്കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. വിൽഫറിനെ കഴിഞ്ഞ നവംബറിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും സസ്പെൻഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |