ന്യൂഡൽഹി : ഐ.പി.എല്ലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. കഴിഞ്ഞ 13 മത്സരങ്ങളിൽ 10 എണ്ണത്തിലും രാജസ്ഥാൻ തോറ്റിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ തോൽവികൾ ഏറ്റുവാങ്ങിയ ടീമാണ് രാജസ്ഥാൻ. മൂന്ന് കളികളിൽ മാത്രമാണ് ജയം. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിൽ പരിക്ക് മാറി സഞ്ജു നായകനായി തിരിച്ചെത്തിയിട്ടും രാജസ്ഥാന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ രാജസ്ഥാന്റെ ആദ്യ വിജയം ചെന്നൈയ്ക്ക് എതിരെയായിരുന്നു. പഞ്ചാബ് കിംഗ്സ്,ഗുജറാത്ത് ടൈറ്റാൻസ് എന്നിവർക്ക് എതിരെയായിരുന്നു മറ്റ് വിജയങ്ങൾ.
ചെന്നൈയും രാജസ്ഥാനെപ്പോലെ പ്ളേ ഓഫ് കാണാതെ പുറത്തായ ടീമാണ്. എന്നാൽ ചെന്നൈയ്ക്ക് ഇന്നത്തന്നതുകൂടാതെ ഒരു മത്സരം കൂടിയുണ്ട്. 12 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം ജയിച്ച ചെന്നൈ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
ഒരു മാസത്തിന് ശേഷം രാജസ്ഥാന്റെ പ്ളേയിംഗ് ഇലവനിലിറങ്ങിയ സഞ്ജു പഞ്ചാബിനെതിരെ 16 പന്തുകൾ നേരിട്ട് ഓരോ ഫോറും സിക്സുമടക്കം 20 റൺസാണ് നേടിയത്.
ഏപ്രിൽ16ന് ഡൽഹിക്ക് എതിരെ കളിക്കുമ്പോഴാണ് നടുവിന് സഞ്ജുവിന് പരിക്കേറ്റത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ വിരലിന് പരിക്കേറ്റതിനാൽ സഞ്ജു വിക്കറ്റ് കീപ്പ് ചെയ്തിരുന്നില്ല. ഇംപാക്ട് പ്ളേയറായി മാത്രം ഇറങ്ങിയതിനാൽ നായകനുമായില്ല. ആ പരിക്ക് മാറി നായകനും കീപ്പറുമായിറങ്ങി നാലാം മത്സരത്തിലാണ് നടുവിന് പരിക്കേറ്റത്. തുടർന്ന് അഞ്ചുമത്സരങ്ങൾ നഷ്ടമായി. എട്ട്കളികളിൽ ഒരു അർദ്ധസെഞ്ച്വറിയടക്കം 244 റൺസാണ് സഞ്ജു നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |