ചിറ്റാർ : തെരുവ് നായ നിയന്ത്രണത്തിൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. പ്രഭാത സവാരിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണ് ജില്ലയിലാകെ. ചിറ്റാർ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും തെരുവുനായ ശല്യംരൂക്ഷമാണ്.
തെരുവ് നായ്കൾ ആഹാരം കിട്ടാതെ ആകുമ്പോൾ അക്രമ ശക്തരാകുകയാണ്. ഇരുചക്രവാഹന യാത്രികരാണ് ഇതിന്റെ കെടുതി ഏറെ അനുഭവിക്കുക. വിജനമായ റോഡിൽ കൂട്ടമായി ആക്രമിക്കുകയാണ് നായകൾ. വാഹനത്തിന് പിന്നാലെ കുരച്ചുചാടി നിയന്ത്രണം വിട്ട് വാഹനം അപകടത്തിൽപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പേവിഷബാധയേറ്റുള്ള മരണം കൂടിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ പ്രതിരോധ കുത്തിവയ്പ്പിന് പ്രത്യേക ഫണ്ട് വകയിരുത്തുമെങ്കിലും പദ്ധതി കാര്യമായി നടക്കുന്നില്ല. പലവീടുകളിലേയും നായ്ക്കൾക്കും കുത്തിവയ്‌പ്പ് എടുക്കാറില്ല. ഇതിനുള്ള പരിശോധനയും ഫലവത്തല്ല. വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്ന് കഴിഞ്ഞാൽ കുട്ടികൾക്കും നായ ഭീഷണിയാണ്. അധികൃതരുടെ കൺമുന്നിൽ തെരുവ് നായ ആക്രമണംമൂലം മരണം വരെ സംഭവിച്ചിട്ടും അനങ്ങാപ്പാറ നയംതുടരുകയാണെന്ന ആക്ഷേപം ശക്തമാണ്.
..........................
ചിറ്റാർ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
ആൽബിൻ ബേബി ജോൺ
(പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |