തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമത്തിലൂടെയുള്ള നുണപ്രചാരണം കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രം തെളിവാക്കി മന്ത്രി എം.ബി. രാജേഷ് പൊളിച്ചടുക്കി.
മലമ്പുഴയിൽ നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ വന്ന റാപ്പർ വേടനെ മന്ത്രി എം.ബി. രാജേഷ് തട്ടിമാറ്റിയെന്നായിരുന്നു നുണപ്രചാരണം. അവ്യക്തമായ ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു യുട്യൂബ് വീഡിയോ. ഇതോടെ സൈബർ ഗ്രൂപ്പുകളിൽ വലിയ വിമർശനമുയർന്നു. പിന്നാലെയാണ് മന്ത്രി രംഗത്തെത്തിയത്.
പരിപാടിയിൽ പങ്കെടുത്ത മന്ത്രി വേടന് കൈകൊടുക്കുന്ന ചിത്രം ഇന്നലെ കേരളകൗമുദി ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതും മുഖ്യമന്ത്രിക്ക് വേടനെ പരിചയപ്പെടുത്തുന്ന മറ്റൊരു ചിത്രവും സഹിതം മന്ത്രി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിട്ടു. നുണകൾ പലതും പടച്ചു വിടാം. പക്ഷെ അതിനെല്ലാം നിമിഷങ്ങളുടെ ആയുസേ ഉണ്ടാകൂ. കുടില ബുദ്ധികൾ ഇതു മനസിലാക്കിയാൽ നല്ലതെന്നും അദ്ദേഹം കുറിച്ചു.
ഇത് എന്തൊരു കാലം...
മുഖ്യമന്ത്രിയോടൊപ്പം വേദിയിലേക്ക് നീങ്ങുമ്പോഴാണ് സദസിന്റെ മുൻനിരയിൽ വേടനെ കണ്ടത്. പരസ്‌പരം കൈ കൊടുത്തു. മുഖ്യമന്ത്രിക്ക് വേടനും കൈകൊടുത്തു. ശേഷം ഞാൻ വേടന്റെ തോളിൽ തട്ടി മുന്നോട്ട് നീങ്ങുകയും ചെയ്തു. വൈകിട്ട് കോട്ടമൈതാനത്ത് ആയിരങ്ങൾ പങ്കെടുത്ത വേടന്റെ പരിപാടിയിൽ മുൻനിരയിൽ ഞാൻ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് കൊടും നുണ യൂട്യൂബ് വീഡിയോയിലൂടെ പ്രചരിക്കുന്നത് അറിഞ്ഞത്. എന്തൊരു കാലം... മന്ത്രി ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |