വാഷിംഗ്ടൺ: റഷ്യയും യുക്രെയിനും വെടിനിറുത്തൽ ചർച്ച ഉടൻ ആരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ രാത്രി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ രണ്ട് മണിക്കൂറിലേറെ നീണ്ട ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സമാധാന ചർച്ചകൾക്ക് വത്തിക്കാൻ വേദിയായേക്കുമെന്ന സൂചനയും ട്രംപ് നൽകി.
യുക്രെയിൻ വിഷയത്തിൽ വിട്ടുവീഴ്ചകളെ പറ്റി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പുട്ടിനും പ്രതികരിച്ചു. എന്നാൽ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടണമെന്ന് പുട്ടിൻ ചൂണ്ടിക്കാട്ടി. യുക്രെയിൻ വിഷയം സമാധാനപരമായി പരിഹരിക്കുന്നതിനെ റഷ്യയും അനുകൂലിക്കുന്നു. സമാധാന ഉടമ്പടിക്കായി യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കാര്യങ്ങൾ ശരിയായ പാതയിലൂടെയാണ് നീങ്ങുന്നതെന്നും പുട്ടിൻ പറഞ്ഞു.
റഷ്യയും യുക്രെയിനും തമ്മിലെ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യു.എസ് നൽകിയ പിന്തുണയ്ക്ക് പുട്ടിൻ ട്രംപിനോട് നന്ദി അറിയിച്ചു. വെടിനിറുത്തൽ ലക്ഷ്യമിട്ട് വെള്ളിയാഴ്ച തുർക്കിയിലെ ഇസ്‌താംബുളിൽ നടന്ന റഷ്യ-യുക്രെയിൻ ചർച്ച പരാജയപ്പെട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും നേരിട്ട് ചർച്ച നടത്തിയത്.
അതേ സമയം, പുട്ടിന് പിന്നാലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ജർമ്മൻ ചാൻസലർ ഫ്രെഡ്റിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ് എന്നിവരുമായും ട്രംപ് ഫോൺ സംഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |