തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തുന്നതിന് മുൻപേ മഴ ശക്തമാകുന്നു. മഴ കനക്കുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്ക് ഇന്ന് മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |