കോട്ടയം: വന്യജീവി ആക്രമണ പ്രശ്നം പരിഹരിക്കാൻ അടിയന്തര നിയമസഭാസമ്മേളനം വിളിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം ചർച്ചയാകുന്നു. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയാണ് ആവശ്യം ഉന്നയിച്ചത്.
മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ എത്തിക്കാൻ പ്രമുഖ നേതാക്കൾക്കൊപ്പം അങ്കമാലി പാലാ രൂപതകളിലെ ഉന്നതരും ശ്രമം നടത്തുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടയിലാണിത്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റിനായുള്ള സമ്മർദ്ദതന്ത്രമായും ഇത് വിലയിരുത്തപ്പെടുന്നു.
മുനമ്പം ഭൂമി പ്രശ്നത്തിന് അടിയന്തര പരിഹാരത്തിന് മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പും മുനമ്പം സംരക്ഷണസമിതി നേതാക്കൾക്ക് ജോസ് നൽകിയിരുന്നു. സങ്കീർണമായ വന്യജീവി, മുനമ്പം വിഷയങ്ങളിൽ സർക്കാർ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയ സന്ദർഭത്തിൽ ഉന്നയിക്കുന്നത് പാർട്ടി അണികളെയും ക്രൈസ്തവ വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്തുന്നതിനപ്പുറമുള്ള കാണാച്ചരടായാണ് രാഷ്ടീയ നിരീക്ഷകർ കാണുന്നത്. അടിയന്തര നിയമസഭാസമ്മേളനം വിളിക്കണമെന്ന ആവശ്യത്തിൽ ഇടതു മുന്നണി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
പിടികൂടുന്ന തെരുവുനായ്ക്കളെ ഉൾക്കാട്ടിൽ വിട്ടാൽ വന്യമൃഗങ്ങളുടെ ആഹാരക്ഷാമത്തിന് പരിഹാരമുണ്ടാകും. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ പുതിയ നിയമം കൊണ്ടുവന്ന മാതൃക സ്വീകരിച്ച് വന്യജീവി, തെരുവുനായ ആക്രമണങ്ങൾ ചെറുക്കാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണം.
-ജോസ് കെ. മാണി