കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊല്ലപ്പെട്ടത്. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ചതെന്നാണ് വിവരം. കൊല്ലപ്പണിക്കാരനാണ് നിധീഷ്. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കൊലയ്ക്ക് ശേഷം അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ആയുധ നിർമ്മാണത്തിനുള്ള ആലയിൽ എത്തിയ അക്രമികൾ വാക്കുതർക്കത്തെ തുടർന്ന് അവിടെ ഉണ്ടായിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ ശ്രുതിക്കും വെട്ടേൽക്കുകയായിരുന്നു. ശ്രുതിയുടെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികളെക്കുറിച്ച് ശ്രുതിക്ക് അറിയാമെന്നാണ് വിവരം. ശ്രുതിയുടെ മൊഴി എടുത്തതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടിത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |