ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങൾ വിനയാകുന്നു
കൊച്ചി: ഹ്രസ്വകാലത്തെ കുതിപ്പിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വിൽപ്പന സമ്മർദ്ദം ശക്തമാകുന്നു. ലോകത്തെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അമേരിക്കയുടെ സോവറിൻ റേറ്റിംഗ് കുറച്ചതും കൊവിഡ് രോഗ ബാധ വീണ്ടും ഭീഷണിയാകുന്നതുമാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നത്. തിങ്കളാഴ്ച അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത ഇടിവാണുണ്ടായത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ ഇന്നലെ തകർന്നു. ലാഭമെടുക്കാനായി ആഭ്യന്തര നിക്ഷപകരും വിദേശ ധന സ്ഥാപനങ്ങളും വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതും വിലത്തകർച്ച രൂക്ഷമാക്കി.
ബോംബെ ഓഹരി സൂചിക സെൻസെക്‌സ് 873 പോയിന്റ് നഷ്‌ടവുമായി 81,186ൽ എത്തി. നിഫ്‌റ്റി 261 പോയിന്റ് ഇടിഞ്ഞ് 24,683ൽ അവസാനിച്ചു. ബാങ്കിംഗ്, ധനകാര്യ, ഫാർമ്മ, എഫ്.എം.സി.ജി മേഖലകളിലെ കമ്പനികളാണ് പ്രധാനമായും നഷ്‌ടം നേരിട്ടത്.
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ നഷ്‌ടം
5.2 ലക്ഷം കോടി രൂപ
അടിസ്ഥാന വ്യവസായ മേഖല തളരുന്നു
ഇന്ത്യയുടെ അടിസ്ഥാന വ്യവസായ മേഖലയിലെ ഉത്പാദനം ഏപ്രിലിൽ 0.5 ശതമാനമായി ഇടിഞ്ഞു. എട്ടു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുൻവർഷം ഇതേകാലയളവിൽ അടിസ്ഥാന വ്യവസായ മേഖലയിൽ 6.9 ശതമാനം ഉത്പാദന വളർച്ചയുണ്ടായിരുന്നു. ക്രൂഡോയിൽ, റിഫൈനറി ഉത്പന്നങ്ങൾ, വളം തുടങ്ങിയ മേഖലകളിൽ ഏപ്രിലിൽ ഉത്പാദന ഇടിവുണ്ടായി.
ആശങ്കകൾ
1. അമേരിക്കയുടെ പൊതു കടത്തിലെ അസാധാരണമായ വർദ്ധന ആഗോള സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായേക്കും
2. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും പിൻമാറുന്നു
3. ഓഹരികളുടെ വില മാനംമുട്ടെ ഉയർന്നതോടെ ലാഭമെടുക്കാനായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ശക്തമാക്കുന്നു
4, ആഭ്യന്തര റീട്ടെയിൽ നിക്ഷേ പകർ വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുത്ത് പണം ഒഴുക്ക് കുറച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |