ന്യൂഡല്‍ഹി: തുടര്‍ തോല്‍വികള്‍ വലച്ച സീസണില്‍ അവസാന മത്സരത്തിലെ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന് മടക്കം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് സഞ്ജുവിന്റെ റോയല്‍സ് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ റോയല്‍സ് മറികടക്കുകയായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് നാല് ജയങ്ങളും പത്ത് തോല്‍വികളുമാണ് രാജസ്ഥാന്റെ ക്രെഡിറ്റിലുള്ളത്. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് അവസാന മത്സരത്തില്‍ ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് റോയല്‍സിന് തുണയായത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന് റോയല്‍സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാള്‍ 36(19) - വൈഭവ് സൂര്യവന്‍ശി 57(33) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 37 റണ്‍സാണ് ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ വൈഭവ് - ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 41(31) സഖ്യം 98 റണ്‍സ് നേടിയതോടെ മത്സരം അനുകൂലമായി മാറുകയായിരുന്നു. റിയാന്‍ പരാഗ് 3(4) റണ്‍സ് നേടി പുറത്തായി. ധ്രുവ് ജൂരല്‍ 31*(12), ഷിംറോണ്‍ ഹെറ്റ്മയര്‍ 12*(5) എന്നിവര്‍ പുറത്താകാതെ നിന്നു.
ചെന്നൈക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സീസണില്‍ ഏറ്റവും അവസാന സ്ഥാനത്ത് തുടരുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ് അവരുടെ ഈ സീസണിലെ അവസാന മത്സരം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദൂബെ, എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ആയുഷ് മാത്രെ 43(20), ഡിവാള്‍ഡ് ബ്രെവിസ് 42(25), ശിവം ദൂബെ 39(32) എന്നിവരാണ് ചെന്നൈക്ക് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. ഡിവോണ്‍ കോണ്‍വേ 10(8), ഉര്‍വില്‍ പട്ടേല്‍ 0(2) എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് ടീം സ്‌കോര്‍ വെറും 12 റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ 13(8), രവീന്ദ്ര ജഡേജ 1(5) എന്നിവരും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ എംഎസ് ധോണി 16(17) റണ്‍സ് നേടിയെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ കഴിയാത്തത് ചെന്നൈക്ക് അവസാന ഓവറുകളില്‍ തിരിച്ചടിയായി.
അന്‍ഷുല്‍ കാംബോജ് 5*(3), നൂര്‍ അഹമ്മദ് 2*(1) എന്നിവര്‍ ചെന്നൈ നിരയില്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി യുദ്ധ് വീര്‍ സിംഗ്, ആകാശ് മദ്ധ്വാള്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡെ, വാണിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |