തിരുവല്ല : ഒരു മാസം മുമ്പ് കൊയ്‌ത്ത് കഴിഞ്ഞ വെണ്ണീർവിള പാടത്തെ നെല്ല് ഇതുവരെയും സംഭരിക്കാത്തത് കർഷകരെ ആശങ്കയിലാക്കി. പാടത്ത് മൂടിയിട്ടിരുന്ന നെല്ല് മഴ തുടങ്ങിയതോടെ കർഷകർ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. കവിയൂർ പഞ്ചായത്തിലെ 60 ഏക്കറുള്ള പാടശേഖരമാണ് വെണ്ണീർവിള. പത്തോളം കർഷകരാണ് ഇവിടെ കൃഷിയിറക്കിയത്. ഇതുകൂടാതെ പടിഞ്ഞാറ്റുശേരിയിലെ പാടത്തും നെല്ല് സംഭരണം നടന്നിട്ടില്ലെന്ന് കർഷകർ പറയുന്നു. കവിയൂർ പുഞ്ചയുടെ ഭാഗമായ ഈ പാടശേഖരങ്ങളിൽ ഏപ്രിലിൽ പകുതിയോടെയാണ് കൊയ്ത്ത് നടന്നത്. സപ്ലൈകോയ്ക്ക് നെല്ല് നൽകാനായി ഒരാഴ്ച മുമ്പുവരെ പാടത്ത് നെല്ല് സൂക്ഷിച്ചിരുന്നതാണ്. നെല്ല് സംഭരിക്കുന്ന മില്ലുകാർ ഇടയ്ക്ക് പാടത്തെത്തിയിരുന്നു. നെല്ലിൽ പതിര് കൂടുതൽ ആണെന്ന് മില്ലുകാർ പറഞ്ഞതിനെതുടർന്ന് കർഷകർ മെഷീൻ കൊണ്ടുവന്ന് പതിര് കളഞ്ഞു. വേനൽമഴ കനത്തതോടെ ഇപ്പോൾ കർഷകർ നെല്ല് ചാക്കുകളിലാക്കി പാടത്തിന് സമീപത്ത് അട്ടിയടുക്കി പടുതായിട്ട് മൂടി സൂക്ഷിച്ചിരിക്കുകയാണ്. ഒരുമാസത്തോളമായി പാടത്ത് സൂക്ഷിച്ചിരിക്കുന്ന നെല്ല് ഈർപ്പം തട്ടി കിളിർക്കുമോയെന്ന ഭീതിയിലാണ് ഇവിടുത്തെ കർഷകർ.
.........................................................
കവിയൂരിലെ വെണ്ണീർവിള പാടത്ത് നെല്ല് സംഭരിക്കാൻ മില്ലുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നെല്ല് സംഭരണം വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.
(നെല്ല് സംഭരണ
ചുമതലയുള്ള ഓഫീസർ)
....................
60 ഏക്കർ പാടശേഖരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |