വാഷിംഗ്‌ടൺ: പത്ത് തടവുകാരെ ജയിൽ ചാടാൻ സഹായിച്ച ജീവനക്കാരൻ അറസ്റ്റിൽ. ജയിലിലെ അറ്റക്കുറ്റപ്പണികൾ ചെയ്യുന്ന 33കാരനായ സ്റ്റെർലിംഗ് വില്യംസാണ് പിടിയിലായത്. അമേരിക്കയിലെ ന്യു ഓർലിയാൻസിലെ ജയിലിലാണ് സംഭവം. ജയിലിലെ ഏതെങ്കിലും ജീവനക്കാരുടെ സഹായമില്ലാതെ തടവുകാർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന അധികൃതരുടെ കണ്ടെത്തലിനെ തുടർന്നാണ് സ്റ്റെർലിംഗ് വില്യംസ് പിടിയിലായത്.
തടവുകാർ എങ്ങനെയാണ് ജയിൽ ചാടിയതെന്നും അധികൃതർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. സ്റ്റെർലിംഗ് വില്യംസ് മനഃപ്പൂർവം ജയിലിലേക്കുളള ജലവിതരണം തടസപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെ സെല്ലിനുളളിലെ മെറ്റൽ സിങ്കും ടോയ്ലറ്റും നീക്കം ചെയ്യാൻ സ്റ്റെർലിംഗ് വില്യംസ് തടവുകാരെ അനുവദിച്ചു. തുടർന്ന് തടവുകാർ സ്റ്റീൽ കമ്പികൾ മുറിച്ച് ചെറിയ ദ്വാരത്തിലൂടെ ഇഴഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടാൻ സഹായിച്ചില്ലെങ്കിൽ കൊല്ലുമെന്ന് തടവുകാരിലൊരാളായ ആന്റോയിൻ മാസി ഭീഷണിപ്പെടുത്തിയിരുന്നതായി സ്റ്റെർലിംഗ് വില്യംസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 'ഇത് ഭയന്നാണ് അയാൾ തടവുകാരെ സഹായിച്ചത്. എന്നാൽ തടവുകാരുടെ ഭീഷണിപ്പെടുത്തൽ വില്യംസ് മേൽഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ജയിൽ മുറിയിൽ നിന്ന് പുറത്തുകടന്ന തടവുകാർ മതിൽ ചാടിക്കടന്ന് അന്തർസംസ്ഥാന പാതയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു'- ഉദ്യോഗസ്ഥർ പറഞ്ഞു.
തൊട്ടടുത്ത ദിവസം തടവുകാരുടെ എണ്ണമെടുത്തപ്പോഴാണ് പത്ത് പേരെ കാണാനില്ലെന്ന് അധികൃതർക്ക് മനസിലായത്. ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്ന ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് തടവുകാർ രക്ഷപ്പെട്ടത്. തടവുകാരിൽ നാല് പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ആന്റോയിൻ മാസി ഉൾപ്പടെ മറ്റ് ആറ് പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വില്യംസിനെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |