പത്തനംതിട്ട : ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ അമിതലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 3.45 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. പാലക്കാട് കൊപ്പം കൈപ്പറമ്പ് പട്ടമ്മാര് വളപ്പിൽ വീട്ടിൽ മുഹമ്മദ് സലിം (42) ആണ് റിമാൻഡിലായത്. കോഴഞ്ചേരി സ്വദേശി പരാതിക്കാരനായ കേസിലാണ് അറസ്റ്റ്. ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടകൂടിയത്.
കംബോഡിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇവർ ആളുകളെ വശത്താക്കിയത്. കമ്പോഡിയയിൽ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട സൗജന്യ കുരാപതി എന്നിവരെയും മലപ്പുറം കോഴിക്കോട് സ്വദേശികളായ മറ്റു പത്ത് പ്രതികളെയും നേരത്തെ ഈ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിൽ നിന്നും ഉയർന്ന ശമ്പളത്തിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കമ്മിഷൻ വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കൊണ്ട് തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിപ്പിച്ചു ആ പണം കുഴൽപ്പണമായി വിദേശത്തേക്ക് കടത്തുന്ന കണ്ണിയിൽ പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ സലിം . ഇയാൾ മുൻകൂർ ജാമ്യത്തിനായി സമർപ്പിച്ച അപേക്ഷകൾ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. എസ്.ഐമാരായ ബി.എസ്.ശ്രീജിത്ത്, കെ.ആർ.അരുൺ കുമാർ, പി.എൻ അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |