ന്യൂഡൽഹി: വഖഫ് ഇസ്ളാമിക് ആശയമാണെങ്കിലും അതു മതത്തിന്റെ ഭാഗമല്ലെന്നും വഖഫ് ബോർഡുകൾ മതേതര പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് നിയമം മതാചാരങ്ങളിലെ ഇടപെടലും മൗലികാവകാശ ലംഘനവുമാണെന്ന ഹർജിക്കാരുടെ വാദങ്ങൾ ഖണ്ഡിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്. ചീഫ് ജസ്‌റ്റിസ് ബി.ആർ.ഗവായ്, ജസ്‌റ്റിസ് അഗസ്റ്റിൻ ജോർജ്ജ് എന്നിവരടങ്ങിയ ബെഞ്ചിൽ ഇന്നും വാദം തുടരും.
സ്വത്തുക്കൾ കൈകാര്യം ചെയ്യൽ, അറ്റകുറ്റപ്പണികൾ നടത്തൽ, അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യൽ തുടങ്ങി മതേതര പ്രവർത്തനങ്ങളാണ് വഖഫ് ബോർഡ് നിർവഹിക്കുന്നതെന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് നിയമം സ്വത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടാണ്. ബോർഡിൽ രണ്ട് അമുസ്ളീങ്ങൾ ഉള്ളത് മതപരമായ ആചാരത്തെ ബാധിക്കില്ലെന്നും വാദിച്ചു.
വഖഫുകളിൽ പള്ളി, ദർഗ,അനാഥാലയം, സ്കൂൾ എന്നിവയുണ്ടാകാം. അവയ്‌ക്കു കീഴിൽ നിരവധി മതേതര, ജീവകാരുണ്യ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ വഖഫ് അമുസ്ലീങ്ങളുമായി ഇടപെടുന്നു. അതുകൊണ്ടാണ് ബോർഡിൽ അമുസ്ലീങ്ങളെയും ഉൾപ്പെടുത്തിയത് മുൻപ് ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴിൽ വഖഫുകൾ ഭരിച്ച ചാരിറ്റി കമ്മിഷണർമാരിൽ മറ്റു മതക്കാരുണ്ടായിരുന്നു. ഹിന്ദു ട്രസ്റ്റുകളിൽ മറ്റുമതങ്ങളിൽ നിന്നുള്ള ചാരിറ്റി കമ്മിഷണർമാർ വരാറുണ്ട്.
വഖഫ് ഇസ്ലാമിൽ വെറും ചാരിറ്റി അഥവാ ദാനധർമം മാത്രമാണ്. എല്ലാ മതങ്ങളിലും ദാനധർമ്മം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത് മതത്തിന്റെ ഭാഗമായി കണക്കാനാവില്ല. പല രാജ്യങ്ങളിലും വഖഫ് മതപരമല്ല.
വഖഫ് ഭൂമി ഏറ്റെടുക്കൽ
കോടതി മുഖാന്തരം മാത്രം
വഖഫ് ഭൂമി സർക്കാരിന് ഏകപക്ഷീയമായി ഏറ്റെടുക്കാൻ കഴിയില്ലെന്നും ബോധിപ്പിച്ചു. നിയുക്ത ഉദ്യോഗസ്ഥൻ സ്വത്തിന്റെ അന്തിമ നിർണ്ണയം നടത്തുന്നില്ല. റവന്യൂ രേഖകളിലെ തിരുത്തൽ മാത്രം വരുത്തും. അന്തിമ നിർണ്ണയം ട്രൈബ്യൂണലിലോ ഹൈക്കോടതികളിലോ ആയിരിക്കും. കളക്‌ടറുടെ അന്വേഷണത്താൽ സ്വത്ത് അന്യാധീനപ്പെടില്ല.
നീറിക്കോട് ശിവ ക്ഷേത്രത്തിലെ
ഈഴവ ശാന്തിനിയമനം
ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാര വിഷയങ്ങളിലും കോടതി ഇടപെടലുകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടാൻ എറണാകുളം നീറിക്കോട് ശിവ ക്ഷേത്രത്തിലെ ഈഴവ ശാന്തി നിയമന കേസ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി .
ഈഴവ സമുദായ അംഗത്തെ ശാന്തിക്കാരനായി നിയമിച്ചത് ശരിവച്ച സുപ്രീംകോടതി വിധിയാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്. ശാന്തി നിയമനത്തിൽ ജാതി യോഗ്യതയായി കണക്കാക്കാനാകില്ലെന്നും മലയാളി ബ്രാഹ്‌മണരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കാനാകില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. 2002ൽ തിരുവിതാംകൂർ ദേവസ്വം ബോർഡും എൻ. ആദിത്യനും തമ്മിലുള്ള കേസിലാണ് ചരിത്ര വിധിയുണ്ടായത്.
പുരി ജഗന്നാഥ ക്ഷേത്രം അടക്കം വിവിധ ഹിന്ദു ക്ഷേത്രങ്ങളിലും മഠങ്ങളിലും നടപ്പാക്കിയ തീരുമാനങ്ങളും സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |