കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെയും ആക്രമിച്ചെന്ന് പരാതി. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്‌കൂളിന് മുന്നിൽ വെച്ച് ഒരു കാരണവും ഇല്ലാതെ തന്റെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.
കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെനിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൺകുട്ടികൾ പോലും സുരക്ഷിതരല്ല, ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോയെന്ന് അദ്ദേഹം ചോദിക്കുന്നു.
പല സന്ദർഭങ്ങളിലും തന്നേക്കാൾ കരുത്തോടെ പെരുമാറിയ മകൻ, അച്ഛാ തന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോൾ താനും ഏട്ടനുമൊക്കെ ഓടുകയായിരുന്നു. സ്‌കൂളിന്റെ മുന്നിൽ എത്തിയപ്പോൾ വലിയ ജനകൂട്ടം, പേടിച്ച് വിറച്ച് കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം.
നാലംഗ സംഘമാണ് സന്തോഷിന്റെ മകനെയും കൂട്ടുകാരെയും ആക്രമിച്ചതെന്നാണ് വിവരം. അതേസമയം, തങ്ങളെ ആക്രമിച്ചതിന് പിന്നിൽ ബി ജെ പി പ്രവർത്തകരാണെന്നാണ് യദു ഒരു മാദ്ധ്യമത്തോട് പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |