വർക്കല: വിനോദസഞ്ചാരത്തിന് ഏറെ സാദ്ധ്യതകളുള്ള തീരമാണ് ഇലകമൺ- പൂതക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിൽ ഇടവ- നടയറ കായലിൽ സ്ഥിതിചെയ്യുന്ന നെല്ലേറ്റിൽ കടവ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിശാലമായ കായൽപ്പരപ്പും ശാന്തസുന്ദരവുമായ നെല്ലേറ്റിൽ കടവിന്റെ വികസനം അകന്നുനിൽക്കുകയാണ്. കായൽസൗന്ദര്യം ആസ്വദിക്കാൻ ഇരുകരകളിലും ബോട്ടുജെട്ടികൾ ഉള്ളതിനാൽ ബോട്ടിംഗിന് സൗകര്യമുണ്ട്. കാപ്പിലിനോടു ചേർന്നുള്ള പ്രദേശമായതിനാൽ കായൽ ടൂറിസത്തിന് സാദ്ധ്യതയേറെയാണ്. നിലവിൽ കാപ്പിൽ ബോട്ട്ക്ലബിൽ നിന്ന് സഞ്ചാരികളെയും വഹിച്ചുള്ള ബോട്ടുകൾ നെല്ലേറ്റിൽ, ഹരിഹരപുരം ഭാഗങ്ങളിലേക്കാണെത്തുന്നത്. ഈ ഭാഗത്തെ കായൽ സഞ്ചാരികൾക്കേറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ നെല്ലേറ്റിൽ കടവിൽ സ്വകാര്യ സംരംഭകർ ബോട്ടിംഗ് ആരംഭിച്ചു. എട്ടു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണുള്ളത്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ നെല്ലേറ്റിൽ കടവിൽ എത്താറുണ്ടെങ്കിലും ഇവിടുത്തെ കായൽ ഭംഗിക്ക് അനുസൃതമായി സഞ്ചാരികൾ എത്തുന്നില്ല.
ബോട്ട് സർവീസില്ല
നെല്ലേറ്റിൽ, കാപ്പിൽ കടവുകളിൽ ബോട്ടുജെട്ടിയുണ്ടെങ്കിലും ബോട്ട് സർവീസില്ല. കടത്തു വള്ളങ്ങളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6വരെ ഇരുകടവുകളിൽ നിന്ന് പഞ്ചായത്തിന്റെയും ജലഗതാഗത വകുപ്പിന്റെയും കടത്തുവള്ളങ്ങളുണ്ട്. വൈകിട്ട് 6 മുതൽ രാത്രി 10വരെ ഒരു വള്ളവുമുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വള്ളങ്ങളെ ആശ്രയിക്കുന്നു. രാത്രി കാപ്പിലിൽ ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് ഇക്കരയെത്താനും വള്ളങ്ങളാണ് ആശ്രയം. ഇവിടെ ബോട്ട് സർവീസ് ആരംഭിക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. ടൂറിസംഭാവി മുന്നിൽക്കണ്ടുള്ള അടിസ്ഥാന വികസനം ഉണ്ടാകേണ്ടതുണ്ട്. നെല്ലേറ്റിൽ ഭാഗത്തേക്ക് യാത്രാസൗകര്യവും കുറവാണ്. മുമ്പ് അഞ്ചോളം കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നുപോലുമില്ല. യാത്രാ സൗകര്യങ്ങളുടെ കുറവ് ടൂറിസം വികസനത്തിനും തടസമാകുന്നു.
ദേശീയ ജലപാത നവീകരണം
ദേശീയ ജലപാത നവീകരണം പൂർത്തിയാകുന്നതോടെ നെല്ലേറ്റിൽ കടവിൽ ടൂറിസം വികസനമെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. നല്ലൊരു ബോട്ടുജെട്ടി ഇവിടെ പണിതിട്ടുണ്ട്. ബോട്ട് സർവീസുകൾ ആരംഭിക്കുന്നതോടെ നെല്ലേറ്റിലിന്റെ സാദ്ധ്യതയും തെളിയും. വിശാലമായ കായൽ പുരവഞ്ചി ടൂറിസത്തിനും അനുയോജ്യമാണ്. വർക്കലയിലെത്തുന്ന സഞ്ചാരികൾ അവിടെ നിന്നും സമീപത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. ടൂറിസം വികസനമുണ്ടായാൽ നെല്ലേറ്റിൽ കടവിലേക്കും കൂടുതൽ സഞ്ചാരികളെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |