ന്യൂഡൽഹി : ദേശീയപാത 66 ന്റെ നിർമ്മാണത്തിനിടെ മലപ്പുറം കൂരിയാട് പാത ഇടിഞ്ഞ സംഭവത്തിൽ കേന്ദ്രസർക്കാർ കർശന നടപടിയെടുക്കും. നിർമ്മാതാക്കളുടെ അശ്രദ്ധ മൂലമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കരാർ കമ്പനിയായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിന്റെ ചെലവിൽ തന്നെ തകരാർ പരിഹരിച്ച് പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കമ്പനിക്ക് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതായും നിലവിലെയും ഭാവിയിലെയും റോഡ് നിർമ്മാണ ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതു കൂടാതെ പദ്ധതിയുടെ കൺസൾട്ടന്റായ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റിനെയും ഭാവിയിലെ ലേലങ്ങളിൽ നിന്ന് വിലക്കി. നിർമ്മാണ കമ്പനിയുടെ പ്രോജക്ട് മാനേജർ എ. അമർനാഥ് റെഡ്ഡിയെയും ടീം ലീഡർ രാജ്കുമാറിനെയും സസ്പെൻഡ് ചെയ്തു. കൂരിയാട് ഇടിഞ്ഞ് വീണ് ഭാഗത്തെ അപാകതകൾ പരിശോധിച്ച വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ചതുപ്പ് നിലത്തിൽ റോഡിന്റെ ഭാരം താങ്ങാൻ കഴിയാതെ അടിത്തറ മണ്ണ് താണുപോയതാണ് തകർച്ചയ്ക്ക് കാരണം. ടാറിംഗിന് മുൻപ് മണ്ണ് വേണ്ടവിധം ഉറപ്പിച്ചിരുന്നില്ല. ഭൂമിയുടെ ഘടന മനസിലാക്കി താങ്ങുശേഷി മെച്ചപ്പെടുത്തിയതുമില്ലെന്നും മന്ത്രാലയം അറിയിച്ചു. .
കൂരിയാട്, തൃശൂർ, കുപ്പം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ നിർമ്മാണ വീഴ്ചയും ദേശീയ പാതാ നിർമ്മാണം പൊതുവിലും ഡൽഹി ഐ.ഐ.ടി പ്രൊഫസർ ജി.വി. കെ.ആർ. റാവുവിന്റെ നേതൃത്വത്തിൽ അനിൽ ദീക്ഷിതും ജിമ്മി തോമസും ഉൾപ്പെട്ട സമിതി പരിശോധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ടാണ് നടപടി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഗഡ്കരിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |