ഷാർജ: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരമ്പര 2-1ന് സ്വന്തമാക്കിയാണ് ചരിത്ര നേട്ടവുമായി യു.എ.ഇ ക്രിക്കറ്റ് ടീം. ഐസിസി സ്ഥിരാംഗമായ ഒരു ടീമിനെതിരേ അസോസിയേറ്റ് ടീമായ യു.എ.ഇയുടെ ആദ്യ പരമ്പര നേട്ടമാണിത്. ആദ്യ മത്സരം 27 റൺസിന് തോറ്റ യു.എ.ഇ, രണ്ടാം മത്സരത്തിൽ രണ്ടു വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചാണ് യു.എ.ഇ ചരിത്രമെഴുതിയത്.
അവസാന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കേ യു.എ.ഇ മറികടന്നു. 87 റൺസ് കൂട്ടിച്ചേർത്ത ആലിഷൻ ഷറഫു - ആസിഫ് ഖാൻ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് യു.എ.ഇയ്ക്ക് ജയമൊരുക്കിയത്. 47 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം പുറത്താകാതെ 68 റൺസെടുത്ത ഷറഫുവാണ് ടോപ് സ്‌കോറർ. 26 പന്തുകള്‍ നേരിട്ട ആസിഫ് അഞ്ച് സിക്‌സടക്കം പുറത്താകാതെ 41 റൺസെടുത്തു. 29 റൺസെടുത്ത മുഹമ്മദ് സൊഹൈബും ഭേദപ്പെട്ട സംഭാവന നൽകി. ടോസ് നേടിയ യു.എ.ഇ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |