□ സംസ്ഥാനത്താകെ 2790 ഗവ.സ്കൂളുകളാണുള്ളത്
□ഡി.പി.സി അംഗീകാരം ലഭിച്ചിട്ടും നിയമനമില്ല
ആലപ്പുഴ: പുതിയ അദ്ധ്യയന വർഷാരംഭത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്തെ 310 ഗവ.ഹൈസ്കൂളുകൾ പ്രവർത്തിക്കുന്നത് ഹെഡ്മാസ്റ്ററില്ലാതെ.
ഹെഡ്മാസ്റ്റർമാരായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ പട്ടികയ്ക്ക് വകുപ്പുതല പ്രൊമോഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നിയമന നടപടികൾ ഇഴയുന്നതാണ് പ്രശ്നം.സീനിയർ അദ്ധ്യാപകർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്.
സ്കൂളുകളും പരിസരവും ശുചിയാക്കൽ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ് , പുതിയ കുട്ടികളുടെ പ്രവേശനം എന്നിവയ്ക്ക് നേതൃത്വം നൽകേണ്ട ഹെഡ്മാസ്റ്റർമാരില്ലാത്തത് സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്.കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയലും പുറത്ത് നിന്നുള്ള കുട്ടികളുടെ ക്യാൻവാസിംഗുമാണ് ഇപ്പോൾ നടന്നു വരുന്നത്. അൺ എയ്ഡഡ് സ്കൂളുകളോട് കിട പിടിച്ച് ഡിവിഷൻ ഫാളില്ലാതെ സ്കൂൾ നിലനിറുത്താൻ പി.ടി.എയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ആളില്ലാത്ത സ്ഥിതി.
പ്രവേശനോത്സവ ഒരുക്കങ്ങളും കുട്ടികളെ എത്തിക്കാനുള്ള വാഹനക്രമീകരണങ്ങളും ഏകോപിപ്പിക്കാനും, സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പ്രഥമാദ്ധ്യാപകരുടെ സേവനം ഈ ഘട്ടത്തിൽ കൂടിയേ തീരൂ. സമഗ്രശിക്ഷാ കേരളയിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ പല സ്കൂളുകളിലും പെയിന്റിംഗിന് പോലും പണമില്ലാത്ത സ്ഥിതിയാണ്. ഹെഡ് മാസ്റ്ററില്ലാത്ത സ്കൂളുകളിൽ ഇത്തരം കാര്യങ്ങളുടെ നടത്തിപ്പ് അവതാളത്തിലാണ്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് ഹെഡ്മാസ്റ്റർമാരെ നിയമിച്ചില്ലെങ്കിൽ അത് ക്ളാസുകളെയും ബാധിക്കും. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകർക്ക് ക്ളാസ് റൂമിൽ പോകാൻ കഴിയാതെ വരും. ഇത് അദ്ധ്യയന നഷ്ടത്തിനും ജോലി ഭാരത്തിനും ഇടയാക്കും.
ഹെഡ്മാസ്റ്റർമാരില്ലാത്ത
ഹൈസ്കൂളുകൾ
തിരുവനന്തപുരം..................26
കൊല്ലം....................................12
പത്തനംതിട്ട...........................08
ആലപ്പുഴ.................................14
കോട്ടയം..................................14
ഇടുക്കി.....................................17
എറണാകുളം..........................29
തൃശൂർ.....................................25
പാലക്കാട്................................26
മലപ്പുറം...................................36
കോഴിക്കോട്..........................24
വയനാട്..................................17
കണ്ണൂർ....................................35
കാസർകോട്.......................27
ആകെ...................................310
'ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സ്ഥാനക്കയറ്റപ്പട്ടികയ്ക്ക് പ്രൊമോഷൻ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഉടൻ നിയമനം നടത്തും.'
- പൊതു വിദ്യാഭ്യാസ
ഡയറക്ടറേറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |