തിരുവനന്തപുരം: കടലാക്രമണംമൂലം തീരമില്ലാതാകുമ്പോഴും,ശംഖുംമുഖത്ത് നൈറ്റ് ലൈഫ് ഉൾപ്പെടെ ഉഷാറാക്കാനുള്ള പുത്തൻ സജ്ജീകരണങ്ങൾ അവസാനഘട്ടത്തിൽ. സ്മാർട്ട് സിറ്റിയും ടൂറിസം വകുപ്പും നഗരസഭയും ചേർന്ന് നടത്തുന്ന പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. വർണാഭമായ ഇരിപ്പിടങ്ങളും മേൽക്കൂരകളും ഒരുങ്ങിക്കഴിഞ്ഞു.
ഇന്റർലോക്ക് ചെയ്ത നടപ്പാതയിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് തടയുന്നതിനുള്ള അറ്റകുറ്റപ്പണികൾ ബാക്കിയുണ്ട്. ഫുട്ട് കോർട്ടിനായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ശംഖുംമുഖം പാർക്കിലെ വഴിയോര കച്ചവടശാലകളെ പുനഃരധിവസിപ്പിക്കും. ഇതുകഴിഞ്ഞാലുടൻ ഉദ്ഘാടനം. നിലവിൽ 17 കടകൾക്കാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാനാവുന്നത്. പല കടയുടമകൾക്കും പുതിയ കെട്ടിടത്തിലേക്ക് മാറാൻ താത്പര്യമില്ലായിരുന്നു. മുൻപ് പലവട്ടം ഉദ്ഘാടനത്തീയതി നിശ്ചയിച്ചിട്ടും അതുനടക്കാതെ പോയതും ഇക്കാരണത്താലാണ്. നഗരസഭ അധികൃതരും കടയുടമകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുനഃരധിവാസത്തിന് ധാരണയായത്.
അവധിക്കാലം അവസാനിക്കും മുൻപ്
ശംഖുംമുഖത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് പത്തിലേറെ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. ഹൈമാസ്റ്റ് ലൈറ്റുകളും ലാൻഡ്സ്കേപ്പിംഗും നടക്കുന്നുണ്ട്.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാത്രികാലങ്ങളിൽ നിരവധി പേരാണ് കുടുംബസമേതം ഇവിടേക്കെത്തുന്നത്. തീരമില്ലാതായപ്പോൾ ശംഖുംമുഖം പാർക്കിലും വഴിയോര കച്ചവടശാലകളിലും എത്തുന്നവരുടെ എണ്ണവും കുറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ പാവകളിയും സാംസ്കാരിക പരിപാടികളുമായി ശംഖുംമുഖത്ത് നൈറ്റ് ലൈഫ് വീണ്ടും ഉഷാറാണ്. അതേസമയം, തെരുവുനായ്ക്കളുടെ ശല്യം കടൽത്തീരത്ത് രൂക്ഷമാണ്. കൂട്ടം ചേർന്നെത്തുന്ന ഇവയെ നിയന്ത്രിച്ചാലേ ശംഖുംമുഖത്തെ ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകൂവെന്ന് പ്രദേശവാസികൾ പറയുന്നു. ഓപ്പൺ തിയേറ്റർ,കളിസ്ഥലങ്ങൾ,സെൽഫി പോയിന്റ്, ഓപ്പൺ ജിം തുടങ്ങിയ സജ്ജീകരണങ്ങളും ഒരുങ്ങുകയാണ്.
മാലിന്യസംസ്കരണവും
ശംഖുംമുഖം പാർക്കിനു സമീപം മാലിന്യസംസ്കരണത്തിനും ബഹുനിലക്കെട്ടിടം ഒരുങ്ങുകയാണ്. ഒരു മാസത്തിനകം പണി പൂർത്തിയാകും.വേസ്റ്റ് ബിൻ ഉണ്ടെങ്കിലും പ്രദേശവാസികളും സന്ദർശകരും പ്ലാസ്റ്റിക്ക് മാലിന്യം തീരത്തേക്ക് വലിച്ചെറിയുന്നത് പതിവാണ്. ഇതുതടഞ്ഞ് ശംഖുംമുഖത്തെ സുന്ദരിയാക്കുകയാണ് ലക്ഷ്യം.
വരുന്നത്
ഇരിപ്പിടങ്ങൾ
മേൽക്കൂരകൾ
സെൽഫി പോയിന്റ്
ഓപ്പൺ ഓഡിറ്റോറിയം
സാംസ്കാരിക കൂട്ടായ്മകൾക്കുള്ള സൗകര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |