ശംഖുംമുഖം: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ദിനംപ്രതി വില വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രവുമായി വിപണി. തത്കാലം എണ്ണയുടെ വിലകൂട്ടാതെ അളവ്കുറയ്ക്കാനുള്ള അടവാണ് ഇത്തവണത്തെ തന്ത്രം. ഒരു കിലോയ്ക്ക് പകരം 900ഗ്രാം, 800ഗ്രാം തൂക്കം വരുന്ന പായ്ക്കറ്റുകളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ഒപ്പം ശുദ്ധമെന്ന പേരിൽ മായം കലർന്ന വെളിച്ചെണ്ണയും വിപണിയിൽ സജീവമാണ്.
വിലയുണ്ട്, ഗുണമില്ല
തേങ്ങ ഉത്പാദനം കുറഞ്ഞതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വർദ്ധിച്ചു. നാടൻ വെളിച്ചെണ്ണയ്ക്ക് 340 രൂപയാണ് വില. അതേസമയം, തെങ്ങ് കയറുന്നതിന് 20 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 50 മുതൽ 75രൂപ വരെയാണ് നിരക്ക്. തേങ്ങയിടാനും പൊതിക്കാനും കയറ്റിറക്കും ഉൾപ്പെടെ ചെലവുകളെല്ലാം കഴിഞ്ഞാൽ പലപ്പോഴും നാളികേര കർഷകർക്ക് ഒന്നും കിട്ടാറില്ല.
ലക്ഷ്യംകാണാത്ത വികസനം
നാളികേര കർഷകരെ സംരക്ഷിക്കുന്നതിനായി സർക്കാർ നാളികേര വികസന കൗൺസിൽ രൂപീകരിച്ച് 2018 മുതൽ 2028 വരെ നീണ്ടുനിൽക്കുന്ന വികസന പദ്ധതികൾക്ക് രൂപം നൽകിയെങ്കിലും അതും ലക്ഷ്യംകണ്ടില്ല. കൊപ്രാസംഭരണം അവതാളത്തിലായതും സംസ്ഥാനത്ത് നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |