□ചട്ട ഭേദഗതിക്ക് കരട് തയാറായി
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രീ മ്യൂട്ടേഷൻ സ്കെച്ച് അനുവദിക്കാനും ,പോക്കുവരവ് ചട്ടങ്ങളിൽ ഭേദഗതിക്കുമുള്ള കരട് തയ്യാറായി. ലാൻഡ് റവന്യു കമ്മിഷണർ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച കരടിലെ ഭേദഗതികൾ വൈകാതെ നിലവിൽ വരും. ഇതോടെ ,വില്ലേജ്, താലൂക്ക് ഓഫീസുകളിൽ കയറിയിറങ്ങാതെ പോക്കുവരവ് അടക്കമുള്ള നടപടികൾ നടത്താനാവും.
ലാൻഡ് റവന്യു- സർവേ ഭൂരേഖ- രജിസ്ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകളെ സമന്വയിപ്പിച്ച്, കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ തണ്ടപ്പേരും പോക്കുവരവും വേഗത്തിൽ ലഭ്യമാക്കാനാവും.. ആധാരം തയ്യാറാക്കും മുമ്പ് , വില്ലേജിൽ നിന്ന് കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് ലഭ്യമാവുന്നതിനാൽ ആധാരത്തോടൊപ്പം സബ്ഡിവിഷനും തണ്ടപ്പേരും ഓൺലൈൻ സംവിധാനത്തിൽ സബ് രജിസ്ട്രാർ ഓഫിസിൽ കിട്ടും.
ഡിജിറ്റൽ റീസർവെ പൂർത്തിയാക്കിയ വില്ലേജുകളിലെ ഭൂമി സംബന്ധമായ എല്ലാ വിശദാംശങ്ങളും ഇലിംസ് പോർട്ടലിൽ ഉൾപ്പെട്ടിട്ടുണ്ട്. കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ പോക്കുവരവിന് ഓൺലൈനായി അപേക്ഷിച്ചാൽ , പോർട്ടലുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖകൾ സ്വയം തയ്യാറാക്കപ്പെടും. നാല് ദിവസത്തിനുള്ളിൽ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. വസ്തു കൈമാറ്രം വേഗത്തിലും കൃത്യതയോടെയും നടത്താനുമാവും. കാസർകോട് ജില്ലയിൽ ഡിജിറ്രൽ റീസർവെ പൂർത്തിയായ ഉജാർഉൾവാർ വില്ലേജിലാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടന്നത്. ഡിജിറ്റൽ റീസർവെ പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വില്ലേജുകളിൽ നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |